25കാരന്റെ മൂത്രസഞ്ചിയിൽ മൂന്ന് മീറ്റർ ഇലക്ട്രിക് വയർ കുരുങ്ങി

Wednesday 30 July 2025 1:43 AM IST

സങ്കീർണമായ ശസ്ത്രക്രിയ മെഡി.കോളേജ് യൂറോളജിയിൽ

തിരുവനന്തപുരം : മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് ഇൻസുലേഷൻ വയർ യുവാവിന്റെ മൂത്രസഞ്ചിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25 കാരനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

അസഹസനീയമായ വേദനയോടെ അത്യാഹിത വിഭാഗത്തിലെത്തിയ യുവാവിനെ എക്‌സ്‌റേയ്ക്ക് വിധേയനാക്കിയപ്പോഴാണ് വയർ മൂത്രസഞ്ചിയിൽ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഇലക്ട്രിക് വയർ പല കഷണങ്ങളായി മുറിച്ചാണ് പുറത്തെടുത്തത്. യുവാവ് ഇതു ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല. മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യഥാസമയം ശസ്ത്രക്രിയ നടത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഡോക്ടർമാരെ ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. യൂറോളജി വിഭാഗം പ്രൊഫസർ ഡോ പി ആർ സാജു, അസി. പ്രൊഫസർ ഡോ.സുനിൽ അശോക്, സീനിയർ റസിഡന്റുമാരായ ഡോ.ജിനേഷ്, ഡോ.അബു അനിൽ ജോൺ, ഡോ.ഹരികൃഷ്ണൻ, ഡോ.ദേവിക, ഡോ.ശില്പ, അനസ്‌തേഷ്യ വിഭാഗം അസി. പ്രൊഫസർ ഡോ.അനീഷ്, സീനിയർ റസിഡന്റ് ഡോ.ചിപ്പി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.