'നിസാർ' ഉപഗ്രഹ വിക്ഷേപണം ഇന്ന്

Wednesday 30 July 2025 1:49 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം 'നിസാർ' (നാസ ഐ.എസ്.ആർ.ഒ സിന്തറ്റിക് അപേർച്വർ റഡാർ) ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി.എഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

2,400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണച്ചെലവ് 13,000 കോടിയിലധികമാണ്. നാസയും ഐ.എസ്.ആർ.ഒയും ഇത് പങ്കിട്ടു. ഐ.എസ്.ആർ.ഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ഉപഗ്രഹമാണ് നിസാർ. ഐ.എസ്.ആർ.ഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറും ഉൾപ്പെടെ രണ്ട് എസ്.എ.ആർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകർത്താൻ ഇതിനാകും.