തിരുവനന്തപുരം മെഡി. കോളേജിൽ: ഉറ്റവർ ഉപേക്ഷിച്ച 21 പേരെ ഗാന്ധിഭവൻ ഏറ്റെടുത്തു

Wednesday 30 July 2025 1:51 AM IST

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറ്റവർ ഉപേക്ഷിച്ച 21 പേരെ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. 17 പുരുഷന്മാരും നാലു സ്ത്രീകളും. ഏറെയും കിടപ്പുരോഗികളാണ്. ഇതര സംസ്ഥാനക്കാരുമുണ്ട്. പലർക്കും സ്വന്തം നാടുപോലും ഓർമ്മയില്ല.

മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഇവരെ ആംബുലൻസുകളിൽ ഗാന്ധിഭവനിലേക്ക് യാത്രയാക്കിയത്. മാസങ്ങളായി മെഡിക്കൽ കോളേജിൽ തുടരുന്ന ആലംബഹീനരെ പുനരധിവസിപ്പിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി ബിന്ദു ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികൾ മെഡിക്കൽ കോളേജിൽ എത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ല സാമൂഹ്യനീതി ഓഫീസർ രംഗരാജൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽ കുമാർ, ആർ.എം.ഒ ഡോ. കെ.പി.ജയപ്രകാശ്, നഴ്സിംഗ് ഓഫീസർ ഷാനിഫ, മെഡിക്കൽ കോളേജ് മീഡിയ കോ ഓർഡിനേറ്റർ സജീവ് എന്നിവർ സന്നിഹിതരായിരുന്നു. ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ. ഷാഹിദ കമാൽ, മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.മോഹനൻ, എച്ച്.ആർ മാനേജർ. ആകാശ് അജയ് എന്നിവരുടെ നേതൃത്വത്തിലാണ് രോഗികളെ ഏറ്റെടുത്തത്.

നേരത്തെ മെ​ഡി​ക്കൽ കോ​ളേ​ജ്, ജ​ന​റൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളിൽ നി​ന്ന് എ​ഴു​പ​തോ​ളം പേ​രെ ഗാ​ന്ധി​ഭ​വൻ ഏ​റ്റെ​ടു​ത്തിരുന്നു.

''ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് പ്ര​ത്യേ​ക വാർ​ഡും മെ​ഡി​ക്കൽ ടീ​മും സ​ജ്ജ​മാ​ണ്. മി​ക​ച്ച പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ഗാ​ന്ധി​ഭ​വ​നിൽ നൽ​കും.

ഡോ. പു​ന​ലൂർ സോ​മ​രാ​ജൻ,

പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വൻ സെ​ക്ര​ട്ട​റി