നിവിൻപോളിയുടെ വ്യാജ ഒപ്പിട്ടെന്ന് സഹനിർമ്മാതാവിനെതിരെ കേസ്
കൊച്ചി: നടനും നിർമ്മാതാവുമായ നിവിൻപോളിയുടെ വ്യാജ ഒപ്പിട്ട സമ്മതപത്രം ഹാജരാക്കി ‘ആക്ഷൻഹീറോ ബിജു-2’ സിനിമയുടെ പേര് സ്വന്തമാക്കിയ ചിത്രത്തിന്റെ സഹനിർമ്മാതാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ‘ഇന്ത്യൻ മൂവി മേക്കേഴ്സ്’ സിനിമാനിർമ്മാണ കമ്പനി ഉടമയും തലയോലപ്പറമ്പ് സ്വദേശിയുമായ പി.എസ്. ഷംനാസിനെതിരെയാണ് നിവിൻപോളിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പോളി ജൂനിയർ കമ്പനിയുടെ ബാനറിൽ നിവിൻപോളിയാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ എബ്രിഡ് ഷൈനും ഷംനാസും സഹനിർമ്മാതാക്കളാണ്. 2023 മാർച്ച് 30ന് ഒപ്പിട്ട കരാർപ്രകാരം സിനിമയുടെ എല്ലാ അവകാശങ്ങളും പോളി ജൂനിയറിനാണ്. ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ ടെറ്റിൽ ഷംനാസ് സ്വന്തമാക്കിയത്. ഇതിനായി കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ എറണാകുളത്തെ ഓഫീസിൽ 2024 ജനുവരി 15ന് നിവിൻപോളിയുടെ പേരിൽ സമ്മതപത്രം ഹാജരാക്കി. ഈ സമ്മതപത്രത്തിൽ നിവിൻപോളിയുടേതായി ഇട്ടിരിക്കുന്ന ഒപ്പ് വ്യാജമാണെന്നാണ് നടന്റെ പരാതി.
ഇതിനിടെ തന്റെ അനുമതിയില്ലാതെ പോളിജൂനിയർ കമ്പനി ചിത്രത്തിന്റെ ഓവർസീസ് അവകാശം മറ്റൊരു കമ്പനിക്ക് കൈമാറിയെന്ന് ഷംനാസ് നൽകിയ പരാതിയിൽ നിവിൻപോളിയെ പ്രതിയാക്കി തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഷംനാസ് ഹാജരാക്കിയത് നിവിന്റെ പേരിലുള്ള വ്യാജരേഖകളാണെന്ന് നടന്റെ മൊഴിയിലുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് നിവിൻപോളി പരാതി നൽകിയത്. പാലാരിവട്ടത്തെ നടന്റെ താമസസ്ഥലത്തെത്തി തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തി. വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ അസലെന്ന വ്യാജേന ഉപയോഗിക്കുക തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഷംനാസിനെതിരെ ചുമത്തിയത്.