യൂത്ത് കോൺ. നേതാവിനെതിരെ വിമർശനം : ഡി.സി.സി ജനറൽ സെക്രട്ടറി രാജി വച്ചു
Wednesday 30 July 2025 1:54 AM IST
തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനെക്കുറിച്ച് ശ്രീകണ്ഠാപുരം ലീഡേഴ്സ് ഗ്രൂപ്പിൽ നടത്തിയ രൂക്ഷമായ വിമർശനം വിവാദമായതിനെ തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.വിജയൻ സ്ഥാനം രാജി വച്ചു. കെ.സി.വിജയന്റെ രൂക്ഷമായ വിമർശനം കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
57 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്ന തനിക്ക് കണ്ണൂർ ജില്ലയിൽ മാത്രം 44 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടെന്നും ലീഡേഴ്സ് ഗ്രൂപ്പിൽ തന്നെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് പ്രതികരിച്ചതെന്നും വിജയൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നൽകിയ രാജിക്കത്തിൽ പറഞ്ഞു.ഇപ്പോഴും സമൂഹമാദ്ധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കത്തിലുണ്ട്. വിജിൽ മോഹനന് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെപ്പറ്റിയും വിജയൻ പരാമർശിച്ചിരുന്നു.