പശുവിന്റെ പ്രസവം നോക്കിനിൽക്കുന്ന കുട്ടികൾ; വീഡിയോ പങ്കുവച്ചുകൊണ്ട് പിതാവ് പറഞ്ഞത് ഇത്രമാത്രം

Wednesday 30 July 2025 12:43 PM IST

സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പശു പ്രസവിക്കുന്നത് നോക്കിനിൽക്കുന്ന കുട്ടികളാണ് വീഡിയോയിലുള്ളത്. ജാക്ലിൻ റാൻഡൽ എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

മൂന്ന് കുട്ടികൾ പശു പ്രസവിക്കുന്നത് നോക്കിനിൽക്കുന്നതാണ് വീഡിയോയിലുള്ളത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ ലൈക്ക് ചെയ്തിട്ടുണ്ട്. കൂടാതെ ഒരുപാട് കമന്റുകളും വന്നിട്ടുണ്ട്. 'ഒരാൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പാഠമാണിത്'-എന്നാണ് ഒരു കമന്റ്. ഇത്രയും വേദന സഹിച്ചാണ് അമ്മ തന്നെ പ്രസവിച്ചതെന്ന് ആ കുട്ടിക്ക് മനസിലാകട്ടെയെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

'മിക്ക കുട്ടികളും കാർട്ടൂണുകൾ കണ്ടാണ് വളരുന്നത്. എന്റെ കുട്ടികൾ അവരുടെ ഉറ്റ സുഹൃത്തായ പശുക്കളെ സ്‌നേഹിച്ചുകൊണ്ട് വളരുന്നു. പ്രസവവേദനയോടെയിരിക്കുന്ന പശുവിന് സാന്ത്വനമാകുകയാണ് കുട്ടികൾ. പുതിയൊരു ജീവൻ ലോകത്തേക്ക് വരുന്നതിന് അവർ സാക്ഷികളാകുന്നു.'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'കാർട്ടൂണുകൾ കാണുന്നതും പശു പ്രസവിക്കുന്നത് കാണുന്നതും തമ്മിലുള്ള താരതമ്യം ചിലരെ അലോസരപ്പെടുത്തി. ' കാർട്ടൂണുകൾ കാണുന്നതിൽ തെറ്റൊന്നുമില്ല. എല്ലാ കുട്ടികളുടെയും വീടിന്റെ മുറ്റത്ത് പശു ഉണ്ടാകില്ല. വിചിത്രമായ താരതമ്യം.'-എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.