കുഞ്ഞുങ്ങൾ വിരൽ വായിലിടുന്നത് ഒഴിവാക്കാൻ പല അമ്മമാരും ചെയ്യുന്ന സൂത്രം, അങ്ങനെ ചെയ്യല്ലേ; ഇതാണ് ഒരു കുഞ്ഞിന് സംഭവിച്ചത്

Wednesday 30 July 2025 1:43 PM IST

മിക്ക കുഞ്ഞുങ്ങളും വായിൽ കൈ ഇടാറുണ്ട്. ഇതുമൂലം കുട്ടികൾക്ക് അസുഖങ്ങൾ വരാനും സാദ്ധ്യതയേറെയാണ്. അതിനാൽത്തന്നെ ഈ ശീലം മാറ്റിയെടുക്കാൻ അമ്മമാർ പഠിച്ച പണി പതിനെട്ടും പയറ്റാറുമുണ്ട്. അത്തരത്തിൽ ചൈനയിലെ ഒരു യുവതി തന്റെ കുഞ്ഞിന്റെ ശീലം മാറ്റിയെടുക്കാനുള്ള സൂത്രം ഓൺലൈനിൽ തിരഞ്ഞു. തുടർന്ന് അതിൽ കണ്ട സൂത്രം പ്രയോഗിക്കുകയും ചെയ്തു. വിരലിൽ തുണി ചുറ്റിയാൽ മതിയെന്നായിരുന്നു ഓൺലൈനിൽ കണ്ട സൂത്രം. എന്നാൽ ഇങ്ങനെ ചെയ്തതോടെ കുഞ്ഞിന്റെ വിരൽ വീർത്ത് പർപ്പിൾ നിറത്തിലായി. ഉടൻ തന്നെ ഹുനാൻ പ്രവിശ്യയിലെ ആശുപത്രിയിലെത്തിച്ചു. ചൂണ്ടുവിരലിലെ ചർമത്തിന്റെയും ടിഷ്യൂവിന്റെയും ഒരു ഭാഗം നശിച്ചെന്നും ചികിത്സ കുറച്ച് വൈകിയിരുന്നെങ്കിൽ കൈവിരൽ മുറിച്ചുമാറ്റേണ്ടിവന്നേനെയെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

വളരെ അയച്ചാണ് താൻ തുണി കുഞ്ഞിന്റെ വിരലിൽ കെട്ടിയതെന്നാണ് അമ്മ പറയുന്നത്. കുഞ്ഞ് കൈവിരൽ വായിലിടുന്നത് സാധാരണയാണെന്നും ഒന്നോ രണ്ടോ വയസാകുമ്പോഴേക്ക് ഈ ശീലം മാറുമെന്നുമാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

ചൈനയിലെ ഈ സ്ത്രീ മാത്രമല്ല. കുഞ്ഞ് കൈവിരൽ വായിലിടുന്നത് ഒഴിവാക്കാൻ പല അമ്മമാരും സമാനരീതിയിലുള്ള ട്രിക്കുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഓൺലൈനിൽ കാണുന്ന ഇത്തരം കുറുക്കുവഴികൾ തേടരുമെന്നും, അത് ചിലപ്പോൾ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.