കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ മൗനം അപകടകരം, ഛത്തീസ്ഗഡ് വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടി

Wednesday 30 July 2025 6:31 PM IST

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യനും ഈ വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇത് ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയില്‍ ഒരു ബിജെപി, കേരളത്തില്‍ മറ്റൊരു ബിജെപി എന്നൊന്നില്ല. ബിജെപിയുടെ യഥാര്‍ത്ഥ മുഖം ഒരെണ്ണമേ ഉള്ളൂ. കേരളത്തില്‍ മുഖംമൂടിയാണ് ബിജെപി നേതാക്കള്‍ അണിഞ്ഞിരിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ ശക്തമായതിനാലാണ് അവരുടെ യഥാര്‍ത്ഥ മുഖം വെളിയില്‍ കാണിക്കാത്തത്. അവസരം കിട്ടിയാല്‍ അതവര്‍ പുറത്തു കാണിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ അവര്‍ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കില്‍ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഛത്തീസ്ഗഡില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷവേട്ടയെന്നും, കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മതേതര ശക്തികള്‍ക്ക് ശക്തി പകര്‍ന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ ശക്തമായി പ്രതിരോധിക്കാനാകൂ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.