36കോടി ലാഭവിഹിതം സർക്കാരിന് കൈമാറി കെ.എഫ്.സി.
തിരുവനന്തപുരം: കെ.എഫ്.സി.കഴിഞ്ഞ സാമ്പത്തികവർഷത്തെ ലാഭവിഹിതമായി 36.01കോടി സർക്കാരിന് കൈമാറി. കെ.എഫ്.സി.ചെയർമാൻ കൂടിയായ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുക ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കെ.എഫ്.സി. ഈ വർഷം കാഴ്ചവെച്ചത്. 2024-25 സാമ്പത്തിക വർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണ്. തൊട്ട് മുൻപത്തെ വർഷത്തെക്കാൾ 32.56% അധികമാണിത്. വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. മൊത്ത ആസ്തി 1328.83 കോടി രൂപയായി വർദ്ധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി 2.88% ൽ നിന്ന് 2.67% ആയി കുറഞ്ഞു. കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ,എക്സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, ജനറൽ മാനേജർമാരായ രഞ്ജിത് കുമാർ ഇ.ആർ, അജിത് കുമാർ കേശവൻ, ഫിനാൻസ് കൺട്രോളർ കെ.സോയ എന്നിവർ സന്നിഹിതരായിരുന്നു.