ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് 10ലക്ഷം
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മാതാപിതാക്കൾക്ക് 10ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് താഴ്ന്നു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് മിഥുന് ഷോക്കേറ്റത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കെ.എസ്.ഇബി അഞ്ച് ലക്ഷം രൂപയും ധനസഹായം അനുവദിച്ചിരുന്നു. അധ്യാപക സംഘടനയായ കെ.എസ്.ടി.എ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
മെഡിക്കൽ കോളേജ് അപകടം: വീഴ്ചയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് തലയോലപ്പറമ്പിലെ ബിന്ദു മരിച്ച സംഭവത്തിൽ വീഴ്ചയില്ലെന്ന് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.രക്ഷാപ്രവർത്തനം വൈകിയില്ലെന്നും കെട്ടിടത്തിന് മുമ്പ് ബലക്ഷയം ഇല്ലായിരുന്നെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.തകർന്ന ശൗചാലയം കെട്ടിടം നിർമ്മിക്കുമ്പോൾ ഉണ്ടായിരുന്നതല്ല.പിന്നീട് പണിതതാണ്.പതിവായി വെള്ളം വീണ് ഇതിന്റെ ഭിത്തി നനഞ്ഞിരുന്നു.രക്ഷാപ്രവർത്തനം വൈകിയിട്ടില്ല.അപകട സ്ഥലത്തേക്ക് ഹിറ്റാച്ചികൾ എത്തിക്കാൻ തടസമുണ്ടായി.സൂപ്രണ്ട്,ഉദ്യോഗസ്ഥർ,പൊതുമരാമത്ത്കെട്ടിട വിഭാഗം എന്നിവരുടെ മൊഴിയും കളക്ടർ ജോൺ വി.സാമുവലിന്റെ 20 പേജുള്ള റിപ്പോർട്ടിലുണ്ട്.