അനങ്ങാതെ ഫയൽക്കൂന: തീർപ്പായത് 21.62% മാത്രം

Thursday 31 July 2025 12:00 AM IST

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വകുപ്പുകളിലും ഫയൽക്കൂന അനങ്ങുന്നില്ല. ആഗസ്റ്റ് 31നകം ഫയലുകളെല്ലാം തീർപ്പാക്കാൻ അദാലത്ത് പ്രഖ്യാപിച്ചെങ്കിലും സെക്രട്ടേറിയറ്റിൽ ഇതു വരെ തീർപ്പായത് 65,611 എണ്ണം (21.62%).വകുപ്പദ്ധ്യക്ഷന്മാരുടെ ഓഫീസുകളിൽ 1,68,652 എണ്ണവും (19. 55%). സെക്രട്ടേറിയറ്രിലെ 49 വകുപ്പുകളിൽ മാത്രം 2.05 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നു.

ഫയൽ തീർപ്പാക്കലിന് വേഗം പോരെന്നും, മന്ത്രിമാരും ചീഫ്സെക്രട്ടറിയും പ്രത്യേകം താത്പര്യം കാട്ടണമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

പറഞ്ഞു.ഫയൽ അദാലത്ത് ഊർജ്ജിതപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. മന്ത്രിമാർ വകുപ്പുകളിലെ പുരോഗതി അറിയിച്ചു. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും വിലയിരുത്തും. ഉദ്യോഗസ്ഥ തലത്തിലെ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറിക്കാണ്. ഓരോ മാസവും പുരോഗതി റിപ്പോർട്ട് മന്ത്രിസഭായോഗത്തിൽ അവതരിപ്പിക്കണം. രണ്ടാഴ്ചയിലൊരിക്കൽ മന്ത്രിമാർ ഫയൽ തീർപ്പാക്കൽ വിലയിരുത്തണം. ഫയൽ അദാലത്ത് നടക്കുന്നുണ്ടെന്ന് മന്ത്രിമാരുടെ ഓഫീസുകൾ ഉറപ്പാക്കണം. കൃത്യമായ നിരീക്ഷണവുമുണ്ടാവണം.

ഏറ്റവും ഫയൽ തീർപ്പാക്കിയത് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിലാണ്- 50%

പൊതുഭരണം- 48.62%, പ്രവാസികാര്യം- 46.30%, ധനകാര്യം- 42.72%, നിയമം- 42.03% എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ സ്ഥിതി. വകുപ്പ് അദ്ധ്യക്ഷന്മാരിൽ കൂടുതൽ ഫയൽ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ്- 76.27%. സൈനിക ക്ഷേമം- 72.24%, സ്റ്റേറ്റ് ഇൻഷുറൻസ്-64.41%, കെ.എസ്.ഇ.ബി-57.21% എന്നിങ്ങനെയാണ് കണക്ക്. ഏറ്റവുമധികം ഫയലുകൾ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പിലും തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലുമാണ്. സെക്രട്ടേറിയറ്റിലെ തദ്ദേശ വകുപ്പിൽ 8.27%, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിൽ 7.97%, സാംസ്കാരിക വകുപ്പിൽ 6.66% ഫയലുകൾ മാത്രമാണ് തീർപ്പാക്കിയത്.

സെക്രട്ടേറിയറ്റിലെ

ഫയൽക്കൂന

തദ്ദേശ സ്വയംഭരണം----------------38,690

പൊതു വിദ്യാഭ്യാസം----------------25,859

റവന്യൂ------------------------------------20,352

ആരോഗ്യം------------------------------15,917

ആഭ്യന്തരം------------------------------11,573

ധനകാര്യം------------------------------10,798

വ്യവസായം------------------------------8,009

കൃഷി----------------------------------------7,508

നികുതി-----------------------------------7,016

പൊതുഭരണം-------------------------6,461

പട്ടികജാതി, പട്ടികവർഗ്ഗം----------6,377

ജലവിഭവം--------------------------------6,348

പൊതുമരാമത്ത്---------------------5,818

ഉന്നതവിദ്യാഭ്യാസം------------------5,789

വിവര പൊതുജന സമ്പർക്കം----5,546

വിജിലൻസ്------------------------------4,782

തൊഴിൽ---------------------------------4,146

വനം, വന്യജീവി------------------------3,800

സാംസ്കാരികം---------------------------3,783

വിനോദസഞ്ചാരം--------------------3,430

ഊർജ്ജം----------------------------------3,421

മത്സ്യബന്ധനം, തുറമുഖം---------3,177

സാമൂഹ്യനീതി--------------------------3,053