നവകേരള സദസ് : ജില്ലയിൽ 35 കോടി രൂപയുടെ പദ്ധതികൾ

Thursday 31 July 2025 12:46 AM IST

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിൽ ഉയർന്നുവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ വിലയിരുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആറ് പദ്ധതികൾക്ക് 35 കോടി രൂപയാണ് അനുവദിച്ചത്. വികസന പദ്ധതികളുടെ അന്തിമപട്ടിക ഭേദഗതി വരുത്തി സർക്കാർ അംഗീകരിച്ചിരുന്നു. പദ്ധതികളുടെ എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. തിരുവല്ലയിൽ പന്നായി - തേവേരി റോഡ് വികസനത്തിന് ഏഴ് കോടി രൂപ ചെലവഴിക്കും. വെള്ളം കയറുന്ന ഭാഗങ്ങൾ ഉയർത്തി ഉന്നത നിലവാരത്തിലാക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല.

അടൂരിലെ മാങ്കൂട്ടം - കൈതപ്പറമ്പ് - സിഗപ്പൂർ മുക്ക് റോഡ്, തടത്തിൽ മണക്കാല ലിങ്ക് റോഡ് എന്നിവയ്ക്കായി യഥാക്രമം അഞ്ച്, രണ്ട് കോടി രൂപ വീതം അനുവദിച്ചു. റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങിൽ ടൂറിസം വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കും. റാന്നി പെരുംതേനരുവിയിൽ ഏഴു കോടി രൂപയുടെ അടിസ്ഥാന വികസനത്തിനാണ് അംഗീകാരം. ആറന്മുള പിൽഗ്രിം ആന്റ് ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് ഏഴു കോടി രൂപ അനുവദിച്ചു.

യതി സ്മാരകം ഉയരും

കോന്നിയിൽ ഏഴു കോടി രൂപ ചെലവിൽ ഗുരു നിത്യ ചെതന്യയതി സ്മാരകവും അന്താരാഷ്ട്ര പഠനകേന്ദ്രവും നിർമിക്കും. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 97 സെന്റിലാണ് നിർമാണം. സ്ഥലം രണ്ടാഴ്ചയ്ക്കുളളിൽ ഏറ്റെടുക്കും.