തെരുവുനായ പ്രശ്നം: അനുവദിച്ചത് 98 കോടി, ചെലവിട്ടത് 13 കോടി

Thursday 31 July 2025 3:57 AM IST

കൊച്ചി: തെരുവുനായ നിയന്ത്രണത്തിനായി തദ്ദേശവകുപ്പിന് സർക്കാർ 98 കോടി രൂപ കൈമാറിയപ്പോൾ ചെലവിട്ടത് 13 കോടി മാത്രം. മാർഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിലാണ് സർക്കാ‌ർ സമർപ്പിച്ച ഈ വിവരമുള്ളത്.

സംസ്ഥാനത്ത് 2 മുതൽ 3 ലക്ഷം വരെ തെരുവുനായ്‌ക്കളുണ്ടെന്നാണ് സർക്കാർ കണക്ക്. 17 എ.ബി.സി കേന്ദ്രങ്ങളേയുള്ളൂ. ഇത് അപര്യാപ്തമാണ്. പ്രവർത്തനവും കാര്യക്ഷമമല്ല. 2024-"25ൽ 15,767 നായ്‌ക്കളെ മാത്രമാണ് വന്ധ്യം കരിച്ചത്. സർക്കാർ സജീവമായി ഇടപെടണമെന്നും തെരുവുനായ നിയന്ത്രണത്തിന് നടപടി ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേ കോടതി നിർദ്ദേശിച്ചു.

ഉത്തരവിൽ നിന്ന്

മുൻകാല ഉത്തരവുകൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും കർശനമായി നടപ്പാക്കണം.

 തെരുവു നായ്‌ക്കളുടെ കൃത്യമായ എണ്ണം, കടിയേറ്റ സംഭവങ്ങൾ, മരണസംഖ്യ, പേവിഷ വാക്സിനെടുത്തവർ എത്ര എന്നിവ വ്യക്തമാക്കി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രണ്ടാഴ്ചയ്‌ക്കകം മറുപടി സത്യവാംഗ്‌മൂലം നൽകണം.

ജില്ലാതല സമിതി രൂപീകരണത്തിന് കെൽസ നടപടിയെടുക്കണം. സിരിജഗൻ കമ്മിറ്റിയുടെ മാതൃകയിലാകണം പ്രവർത്തനം.

 സമിതികളുടെ സുഗമമായ പ്രവർത്തനത്തിന് കെൽസ മാർഗരേഖയുണ്ടാക്കണം. തുടർച്ചയായ സിറ്റിംഗ് ഉറപ്പാക്കണം. നോഡൽ ഓഫീസർമാർ സഹായിക്കണം.