ശബരിമല റോപ് വേ നിർമ്മാണം : വനഭൂമിയും മരങ്ങളും സംരക്ഷിക്കും

Thursday 31 July 2025 12:59 AM IST

ശബരിമല : വനഭൂമിയും മരങ്ങളും പരമാവധി സംരക്ഷിച്ച് റോപ് വേ പദ്ധതിയുടെ അന്തിമരൂപരേഖ തയ്യാറാക്കാൻ വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ചന്ദ്രശേഖർ നിർദ്ദേശിച്ചു. റോപ് വേ സംബന്ധിച്ച് കേന്ദ്ര അനുമതിക്ക് അപേക്ഷ നൽകുന്നതിന് മുന്നോടിയായി പദ്ധതിപ്രദേശം സന്ദർശിച്ച ശേഷമാണ് ചന്ദ്രശേഖർ ഈ നിർദ്ദേശംവച്ചത്. കേന്ദ്ര ഉദ്യോഗസ്ഥർക്ക് മുൻപാകെ പദ്ധതിയെപ്പറ്റി വിശദീകരിക്കേണ്ടതും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററാണ്.

ദേവസ്വം ബോർഡ് അംഗങ്ങളുമായും ദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം പദ്ധതി പ്രദേശം സന്ദർശിച്ചത്. ബോർഡ് അംഗം അഡ്വ.എ.അജികുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ ശ്യാമപ്രസാദ്, പ്രോട്ടോകോൾ ഓഫീസർ ഹരി നായർ, എ.ഇ നിഥിൻ, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ , റാന്നി ഡി.എഫ്.ഒ രാജേഷ്, റേഞ്ച് ഓഫീസർ അശോക്, റോപ് വേ നിർമ്മാണ കമ്പിനിയുടെ ഓപ്പറേഷൻസ് ഹെഡ് ഉമാനായർ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

പ്രധാന നിർദേശങ്ങൾ

1.റോപ് വേ എത്തിച്ചേരുന്ന സന്നിധാനം പൊലീസ് ബാരക്കിന് സമീപം കണ്ടെത്തിയ സ്ഥലത്തെ സുരക്ഷാപ്രദേശം പത്തുമീറ്ററിൽ നിന്ന് എട്ടുമീറ്ററായി ചുരുക്കണം.

2. ഇരുൾ മരങ്ങളും മയിൽ വൃക്ഷങ്ങളും പരമാവധി സംരക്ഷിക്കണം.

3. റോപ് വേ സ്റ്റേഷനായി കണ്ടെത്തിയ പമ്പാ ഹിൽടോപ്പിൽ നിലവിലുള്ള ജല സംഭരണി നികത്തരുത്. വന്യമൃഗങ്ങൾ ഇവിടെ എത്തി വെളളം കുടിക്കാറുണ്ട്.

4. സാധിക്കുന്ന മരങ്ങൾ നദീ തീരങ്ങളിലേക്കോ മറ്റ് ഇടങ്ങളിലേക്കോ പിഴുത് നടണം.

റോപ് വേ പദ്ധതി

പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമാണ് റോപ് വേ. പദ്ധതി യാഥാർത്ഥ്യമായാൽ രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും റോപ്‌വേ അനുവദിക്കും. പമ്പ ഹിൽടോപ്പിൽ ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും.

ഒരേസമയം 60 ക്യാബിനുകൾ കേബിളിലൂടെ നീങ്ങും. ഒരു ക്യാബിനിൽ 500 കിലോവരെ ഭാരം കയറ്റാം. ഒരേസമയം 20,000 ടൺ സാധനങ്ങൾ സന്നിധാനത്തെത്തിക്കാം. സാധനങ്ങൾ സൂക്ഷിക്കാൻ പമ്പ ത്രിവേണി ഹിൽടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയർഹൗസുകൾ നിർമ്മിക്കും.

ചെലവ്: 150 മുതൽ 180കോടി വരെ

നീളം : 2.7 കിലോമീറ്റർ

വേഗത: ഒരു സെക്കന്റിൽ മൂന്ന് മീറ്റർ