ശബരിമലയിൽ സമൃദ്ധിയുടെ  പുണ്യമായി നിറപുത്തരി

Thursday 31 July 2025 12:02 AM IST

ശബരിമല : ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും നിറവിൽ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രമായി. തീർത്ഥാടകർ എത്തിച്ച നെൽക്കതിരുകൾ പുലർച്ചെ കിഴക്കേ മണ്ഡപത്തിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി. തുടർന്ന് ആഘോഷപൂർവം നെൽക്കറ്റകൾ കൊടിമരച്ചുവട്ടിലൂടെ പ്രദക്ഷിണമായി ശ്രീലകത്ത് എത്തിച്ച് വിഗ്രഹത്തിന് സമീപംവച്ചു. പൂജകൾക്കുശേഷം നെൽക്കതിരുകളിലേക്ക് ചൈതന്യം നിറച്ചു. മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നെൽക്കതിരുകൾ ആദ്യം സോപനത്ത് കെട്ടി. തുടർന്ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ, സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരിബാബു എന്നിവർക്കും കാത്തുനിന്ന തീർത്ഥാടകർക്കും വിതരണം ചെയ്തു. വൈകിട്ട് പടിപൂജയ്ക്കും പുഷ്പാഭീഷേകത്തിനും അത്താഴപൂജയ്ക്കും ശേഷം ദേവനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും ചാർത്തി ധ്യാനനിദ്രയിലാക്കി. രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചു. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകിട്ട് 5ന് വീണ്ടും നടതുറക്കും.