ഫുട്ബോൾ വിതരണം ഇന്ന്, ലഹരിയെ തകർക്കാൻ കളിയും കളിക്കളവും

Thursday 31 July 2025 12:09 AM IST

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിയെ തകർക്കാൻ കളിയും കളിക്കളവും പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോൾ വിതരണം ഇന്ന് മടത്തുംമുഴി ശബരിമല ഇടത്താവളത്തിൽ നടക്കും. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീലാസന്തോഷ് എന്നിവർ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങും. ഓരോ വാർഡിലും ഒരു ഫുട്‌ബോൾ വീതം ശിശുക്ഷേമ സമിതി നൽകും. ഓരോ വാർഡിലും വാർഡ് മെമ്പർ, എ.ഡി.എസ് എന്നിവരുടെ നേതൃത്വത്തിൽ കുറഞ്ഞത് ഒരു കളിക്കളം കണ്ടെത്തും. ഫുട്‌ബോളിനാണ് പ്രഥമ പരിഗണന. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടീമുണ്ടാകും. ഓരോ ടീമിലും അഞ്ച്‌പേർ വീതം. വാർഡ് പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ മൽസരം സംഘടിപ്പിക്കും. ഓഗസ്റ്റിലാകും വാർഡ്തല മൽസരം. സെപ്തംബറിൽ ബ്ലോക്ക്തല മത്സരം പൂർത്തിയാക്കും. ഓരോ ബ്ലോക്കിലും വിജയിക്കുന്ന ഒരു ടീം ജില്ലയിലെത്തും. ഒക്ടോബറിൽ ജില്ലാതല മത്സരങ്ങൾ നടക്കും. ജില്ലയിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് പുരസ്‌ക്കാരം ലഭിക്കും.