യു.ജി.സി ഡി.എ കുടിശിക: അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തി

Thursday 31 July 2025 12:14 AM IST

തിരുവനന്തപുരം: യു.ജി.സി ഡി.എ കുടിശികയിൽ അദ്ധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തി. പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ യു.ജി.സി ശമ്പള പരിഷ്കരണ കുടിശികയും ഡി.എ കുടിശികയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ സംഘടനാ ഭാരവാഹികളുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ധനവകുപ്പ് അഡിഷണൽ സെക്രട്ടറി വൈ.അഹമ്മദ് കബീർ ഇന്നലെ സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചയിൽ മന്ത്രിതലത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിനിധികളെ അറിയിച്ചു.

കെ.പി.സി.ടി.എ പ്രതിനിധികൾ മറ്റു സംസ്ഥാനങ്ങളിലെ കോളേജ് അദ്ധ്യാപകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി. കേരളത്തിലെ അദ്ധ്യാപകർക്ക് ലഭിക്കാനുള്ള ഡി.എ കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വിശദമായ നിവേദനവും നൽകി. ഏഴാം ശമ്പള പരിഷ്കരണം പൂർണ്ണമായി നടപ്പിലാക്കുമെന്ന ഉത്തരവിറക്കിയ ശേഷം പാലിക്കാതിരിക്കുന്നതും ആനുകൂല്യങ്ങൾ നൽകാത്തതും കെ.പി.സി.ടി.എ ചൂണ്ടിക്കാട്ടി. റീ ഇമ്പേഴ്സ്മെന്റ് വ്യവസ്ഥ സംസ്ഥാന സർക്കാർ പാലിക്കാത്തതാണ് കേന്ദ്രവിഹിതം നഷ്ടപ്പെടാൻ കാരണമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എബ്രഹാം എ, സംസ്ഥാന ജനറൽ സെക്രട്ടറി റോണി ജോർജ്, കേരള മേഖല സെക്രട്ടറി ഡോ.അജേഷ് എസ്.ആർ എന്നിവർ പങ്കെടുത്തു.