റേഷൻ കടകളിൽ പഞ്ചസാര ക്ഷാമം

Thursday 31 July 2025 12:54 AM IST

കൊല്ലം: കഴിഞ്ഞ രണ്ടുമാസമായി സ്റ്റോക്ക് എത്താത്തതിനാൽ ജില്ലയിലെ പല റേഷൻകടകളിലും പഞ്ചസാര ക്ഷാമം രൂക്ഷം. കടകളിലെ സ്റ്റോക്ക് കണക്കാക്കി സപ്ലൈകോയിൽ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുത്ത് നൽകാത്തതാണ് പ്രശ്നം. എ.എ.വൈ കാർഡുകാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം ഒരുകിലോ പഞ്ചസാരയാണ് അനുവദിച്ചിട്ടുള്ളത്.

റേഷൻകട വഴി വിതരണം ചെയ്യുന്ന പഞ്ചസാര പൊതുവിപണിയിൽ നിന്ന് വാങ്ങി പൊതുവിതരണ വകുപ്പിന് നൽകുന്നത് സപ്ലൈകോയാണ്. മേയ് മാസത്തിലാണ് വലിയൊരു വിഭാഗം റേഷൻകടകൾക്കും ഏറ്റവും ഒടുവിൽ പഞ്ചസാര ലഭിച്ചത്. ബാക്കിയുണ്ടായിരുന്നത് ജൂൺ ആദ്യമെത്തിയ കുറച്ചുപേർക്ക് വിതരണം ചെയ്യാനേ ഉണ്ടായിരുന്നുള്ളു.

പിന്നീടെത്തിയ എ.എ.വൈ കാർഡുകാർക്ക് പഞ്ചസാര ലഭിച്ചതുമില്ല. ഇതോടെ പലയിടങ്ങളിലും റേഷൻകടക്കാരും കാർഡുടമകളും തമ്മിൽ തർക്കം പതിവായി. മാസം അവസാനിക്കാൻ ഇന്നടക്കം രണ്ട് ദിവസമുണ്ടെങ്കിലും പഞ്ചസാര എത്തിക്കാനുള്ള യാതൊരു നീക്കവും പൊതുവിതരണ വകുപ്പിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എ.എ.വൈ കാർഡുകാർക്ക് തുടർച്ചയായ രണ്ടുമാസം പഞ്ചസാര നഷ്ടമാകുമെന്ന് ഉറപ്പായി.

സ്റ്റോക്ക് എത്തിയിട്ട് 2 മാസം

 പഞ്ചസാര എത്തുന്നത് 50 കിലോ ചാക്കിൽ

 ചാക്കുകൾ പൊട്ടിച്ച് വിതരണം ചെയ്യില്ല

 30 എ.എ.വൈ കാർഡുള്ള കടയ്ക്കും 50 കിലോയുടെ ചാക്ക് നൽകും

 അധികം നൽകിയ സ്റ്റോക്ക് നിലവിലുണ്ടെന്ന് പൊതുവിതരണ വകുപ്പ്

 കഴിഞ്ഞ രണ്ടുമാസം പഞ്ചസാര നൽകാഞ്ഞത് ഇതിനാൽ

 കുറച്ചുപേർക്ക് നൽകാനേ ഉണ്ടായിരുന്നുള്ളുവെന്ന് റേഷൻ കടക്കാർ

ജില്ലയിൽ

ആകെ റേഷൻകടകൾ: 1399 എ.എ.വൈ കാർഡുകൾ: 47558 പ്രതിമാസം വേണ്ടത്: 47558 കിലോ ഒരു കിലോയ്ക്ക് ₹ 21

മേയിലാണ് ഒടുവിൽ പഞ്ചസാര എത്തിയത്. അതിൽ അവശേഷിച്ചത് ജൂൺ ആദ്യമെത്തിയ കുറച്ച് കാർഡുകാർക്ക് നൽകാനേ ഉണ്ടായിരുന്നുള്ളു.

റേഷൻകട ഉടമ

പത്തനാപുരം