അനക്കമറ്റ് അതുല്യ മടങ്ങിയെത്തി; നിറകണ്ണുകളോടെ വിടയേകി നാട്

Thursday 31 July 2025 12:54 AM IST

കൊല്ലം: മിഠായിയും കളിപ്പാട്ടങ്ങളുമായി പടികടന്നെത്തുന്ന അമ്മയ്ക്കായി കാത്തിരുന്ന ആരാദ്ധ്യയ്ക്ക് മുന്നിൽ ഇന്നലെ അതുല്യ എത്തിയത് ചേതനയറ്റ ശരീരമായി. മരണവാർത്ത അറിഞ്ഞ ദിവസം മുതൽ അമ്മൂമ്മ കരയുന്നതെന്തിനെന്നായിരുന്നു പത്ത് വയസുകാരി ആരാദ്ധ്യയുടെ ചോദ്യം.

ആദ്യദിവസങ്ങളിൽ ആരാദ്ധ്യയെ വിവരം ആരും അറിയിച്ചിരുന്നില്ല. തന്നെ തേടിയെത്തുന്ന അമ്മയുടെ പതിവ് ഫോൺ കോൾ മുടങ്ങിയതോടെ എന്തോ സംഭവിച്ചുവെന്ന് അവൾ മനസിലായി. ഒടുവിൽ കഴിഞ്ഞ ദിവസമാണ് അമ്മയുടെ മരണം അറിഞ്ഞത്. അമ്മേയെന്ന് നിലവിളിച്ച് കയരുന്ന ആരാദ്ധ്യയെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കുമായില്ല.

കഴിഞ്ഞ 19ന് ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയുടെ (30) മൃതദേഹം ഇന്നലെ പുലർച്ചെ നാലോടെയാണ് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് പാരിപ്പള്ളി മെ‌ഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ട് മൂന്നോടെ മൃതദേഹം വീട്ടിലെത്തിച്ചു. അമ്മ തുളസിഭായി മകളുടെ മുഖം അവസാനമായി കണ്ടപ്പോൾ അലമുറയിട്ട് പൊട്ടിക്കരഞ്ഞു. പിന്നീട് തളർന്നുവീണു. ഇതോടെ നിർവികാരനായി നിന്ന അച്ഛൻ രാജശേഖരൻ പിള്ളയും വിങ്ങിപ്പൊട്ടി. മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ ഉൾപ്പെടെയുള്ളവർ അതുല്യയുടെ വീട്ടിലെത്തി ബന്ധുകളെ ആശ്വസിപ്പിച്ചു. വൈകിട്ട് 3.45ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ആരാദ്ധ്യയാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

സതീഷിനായി

ലുക്ക് ഔട്ട് നോട്ടീസ്

അതുല്യയുടെ ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണസംഘം. റീ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതുല്യയുടേത് ആത്മഹത്യയാണെന്നാണ് ഷാർജയിലെ ഫോറൻസിക് പരിശോധനാ ഫലം.