സുന്ദരപാണ്ഡ്യപുരത്ത്: ഇതൾ കൊഴിച്ച് സൂര്യകാന്തി, മുളപൊട്ടി നാമ്പിട്ട് ചോളം

Thursday 31 July 2025 12:57 AM IST

പുനലൂർ: പേരുപോലെ തന്നെ സുന്ദരപാണ്ഡ്യപുരത്തെ സുന്ദരമാക്കിയ സൂര്യകാന്തി പാടങ്ങൾ ഇതൾ കൊഴിച്ചതോടെ പകരം മുളയിട്ട് ചോളം. അയ്യായിരത്തിലധികം ഹെക്ടറിൽ പടന്നുകിടന്ന സൂര്യകാന്തി കൃഷിയാണ് കർഷക‌ർ ഉപേക്ഷിച്ചത്. പകരം ചോളക്കൃഷിക്ക് വിത്ത് പാകി. മുപ്പത് വർഷത്തിലേറെയായി ഇവിടുത്തെ പ്രധാന ഇടവിളയായിരുന്നു സുര്യകാന്തി. പൂവിടുന്നതോടെ ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് വർദ്ധിക്കും. സെപ്തംബർ, ഒക്ടോബറോടെ പൂക്കൾ ഉണങ്ങിത്തുടങ്ങും. പിന്നീട് ഇവ എണ്ണയ്ക്കായി പറിച്ചെടുക്കും.

നിലവിൽ സുന്ദരപാണ്ഡ്യപുരം, ചുരണ്ട എന്നിവിടങ്ങളിൽ മാത്രമാണ് സൂര്യകാന്തി കൃഷിയുള്ളത്. അതും അര ഏക്കറിൽ. ഇവിടെ രണ്ട് ദിവസമായി കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും സഞ്ചാരികൾ എത്തുന്നുണ്ട്. പൂക്കൾ വാടിത്തുടങ്ങുന്നതോടെ ഒരുമാസത്തിനുള്ളിൽ ഇവയും നീക്കം ചെയ്യും. പിന്നെ ചോളക്കൃഷിയിറക്കും. ലാഭകരമായതിനാലാണ് ഡിമാൻഡ് വർദ്ധിച്ചത്‌. നിലവിൽ സൂര്യകാന്തി പാടത്തിന്റെ ഭൂരിഭാഗത്തും ചോളക്കൃഷി തുടങ്ങി. ചോളം വിളവെടുത്തുകഴിഞ്ഞാൽ പയർ, മറ്റ് പച്ചക്കറികൾ എന്നിവയ്ക്കായി കർഷകർ നിലമൊരുക്കും.

വിലയിടിവും വിളവും ചതിച്ചു

 നേരത്തെ സൂര്യകാന്തി വിത്തുകൾക്കും നല്ല വില ലഭിച്ചിരുന്നു

 ഉത്തരേന്ത്യൻ എണ്ണ കമ്പനി ഇടനിലക്കാർ വന്നതോടെ കർഷകന് വില കിട്ടാതായി

 അമിത വളപ്രയോഗവും ആവർത്തന കൃഷിയും മണ്ണിന്റെ ഗുണനിലവാരം കുറച്ചു

 സൂര്യകാന്തി പൂക്കളുടെ വലിപ്പം കുറഞ്ഞതും കർഷകരെ നിരാശരാക്കി

 നഷ്ടം സഹിക്കവയ്യാതെ കർഷകർ സൂര്യകാന്തി കൃഷിയിൽ നിന്ന് വഴിമാറി

സിനിമയുടെ ഇഷ്ട ലൊക്കേഷൻ

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം സിനിമകളുടെ ഇഷ്ടപ്പെട്ട സിനിമ ലൊക്കേഷൻ കൂടിയായിരുന്നു ഇവിടം. ഗാനചിത്രീകരണമാണ് കൂടുതലും നടന്നിരുന്നത്. കൂടാതെ റീൽസ്, ആൽബം, വെഡിംഗ് ഷൂട്ടുകൾക്കും ധാരാളംപേർ എത്തിയിരുന്നു. ഇതെല്ലാം കർഷകർക്ക് വരുമാന മാർഗമായിരുന്നു.

വെളിച്ചെണ്ണ വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോൾ ജനം സൺ ഫ്ലവർ ഓയിലിലേക്ക് മാറിയിട്ടുണ്ട്. സൂര്യകാന്തി കൃഷിക്ക് ഇത് പ്രോത്സാഹനമാണെങ്കിലും കൂടുതൽ കർഷകരും മടങ്ങിയെത്താൻ മനസുവച്ചിട്ടില്ല.

കർഷകർ