അനന്തഭദ്രം രണ്ട് ചിത്രപ്രദർശനം

Thursday 31 July 2025 1:00 AM IST

കൊല്ലം: ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ഓർമ്മപ്പെടുത്തലുമായി അനന്തഭദ്രം 2 ചിത്രപ്രദർശനം കൊല്ലം സോപാനം ആർട്ട് ഗ്യാലറിയിൽ. ഇന്ന് സമാപിക്കും. രാവിലെ 11മുതൽ വൈകിട്ട് 6വരെയാണ് പ്രദർശനം. പ്രകൃതിയുടെ തൽസ്ഥിതി നിലനിറുത്താനാണ് എസ്.ആർ.ഭദ്രൻ നിറങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഭദ്രൻ കാർത്തിക കരിഞ്ഞുണങ്ങിയ തടികളിൽ നിരാശരായിരിക്കുന്ന പക്ഷികളുടെ ശ്വാസഗതിയും നെഞ്ചിടിപ്പും മനസിലാക്കി ചിത്രരചന നടത്തുന്നു. കോളേജ് ഒഫ് ഫൈൻ ആർട്സിൽ സഹപാഠികളായിരുന്ന ആലപ്പുഴ ചേപ്പാട് സ്വദേശി ഭദ്രൻ കാർത്തിക, തിരുവനന്തപുരം വഴയില സ്വദേശി.എസ്.ആർ.ഭദ്രൻ എന്നിവർ ചേർന്ന് നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അനന്തപുരിയിൽ നടത്തിയ പ്രദർശനത്തിന്റെ തുടർച്ചയാണിത്. 22000 മുതൽ 2.5 ലക്ഷം രൂപ വരെ വില വരുന്ന ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.