ഗർഭിണിയായപ്പോൾ വയറ്റിൽ ചവിട്ടി; യുവതി ജീവനൊടുക്കി ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

Thursday 31 July 2025 1:00 AM IST

ഇരിങ്ങാലക്കുട/കൊടുങ്ങല്ലൂർ: ഗർഭിണിയായപ്പോൾ ഭർത്താവ് വയറ്റിൽ ചവിട്ടിയതിലും ഭർതൃമാതാവ് ദേഹോപദ്രവം ഏൽപ്പിച്ചതിലും മനംനൊന്ത് യുവതി ജീവനൊടുക്കി. കരൂപ്പടന്ന കാരുമാത്ര പതിയാശ്ശേരി കടലായി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിന്റെ മകൾ ഫസീലയെയാണ് (23) ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലെ വീട്ടിൽ 29ന് രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

യുവതിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് നെടുങ്ങാണത്തുകുന്ന് സ്വദേശി നൗഫൽ (30), ഇയാളുടെ മാതാവ് റംല (58) എന്നിവരെ അറസ്റ്റു ചെയ്തു. ഒന്നര വർഷം മുമ്പായിരുന്നു ഫസീലയുടേയും കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനായ നൗഫലിന്റെയും വിവാഹം.

ഇവർക്ക് ഒമ്പതുമാസം പ്രായമായ കുഞ്ഞുണ്ട്. രണ്ടാമത് ഗർഭിണിയായപ്പോൾ നൗഫൽ തന്നെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് മാതാവിന് കഴിഞ്ഞ ദിവസം അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ ഫസീല വ്യക്തമാക്കിയിരുന്നു. രണ്ടാമത് ഗർഭിണിയായത് അറിഞ്ഞതിന് പിന്നാലെയാണ് ഇയാൾ ഫസീലയെ ക്രൂരമായി മർദ്ദിച്ചിരുന്നതെന്ന് ഫസീലയുടെ മാതൃ സഹോദരൻ നൗഷാദും പറഞ്ഞു.

'അവർ എന്നെ കൊല്ലും,

ഞാൻ മരിക്കുകയാണ്...'

'ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണി ആണ്. നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി. കുറെ ഉപദ്രവിച്ചു. എനിക്ക് വേദനിച്ചപ്പോൾ ഞാൻ നൗഫലിന്റെ കഴുത്തിനു പിടിച്ചു. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ എന്നെ ഇവർ കൊല്ലും. എന്റെ കൈ നൗഫൽ പൊട്ടിച്ചു.എന്നെ പോസ്റ്റ്‌മോർട്ടം ചെയ്യരുത്. ഇത് എന്റെ അപേക്ഷയാണ്'' എന്നായിരുന്നു ഫസീല മാതാവിന് അയച്ച വാട്സ് ആപ്പ് സന്ദേശം.