ട്രാൻ. ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
കൊല്ലം: ട്രാൻസ്പോർട്ട് ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മൈലക്കാട് സുനിത ഭവനിൽ സുനിൽകുമാർ (43) പിടിയിൽ. ഇത്തിക്കര പാലത്തിന് സമീപത്തുനിന്നാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം.
കൊല്ലം സ്വദേശിയായ യുവതി പി.എസ്.സി കമ്പെയിൻ സ്റ്റഡി കഴിഞ്ഞ് ബസിൽ വരുമ്പോൾ എതിർവശത്തെ സീറ്റിലിരുന്ന സുനിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. യുവതി കൊല്ലം ഡിപ്പോയിൽ ഇറങ്ങിയതിനു പിന്നാലെ ഇയാളും ഇറങ്ങി. യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ പ്രതി മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു. യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഇതിനിടെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ കണ്ട് പ്രദേശവാസികൾ വീട്ടിലെത്തി ബഹളം വച്ചതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ്.