മുത്തൂറ്റ് ഗ്രൂപ്പ് കമ്പനിയുടെ 12 കോടി തട്ടിയ കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം

Thursday 31 July 2025 1:11 AM IST

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഉപ കമ്പനിയായ മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡിൽ 11.92 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ മുൻ ഉദ്യോഗസ്ഥരായ പ്രതികൾക്ക് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. എറണാകുളം ടൗൺ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ രഞ്ജിത് രാമചന്ദ്രൻ, തോമസ് പി. രാജൻ എന്നിവരുടെ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.

പ്രതികൾ ഇനിയൊരു ഉത്തരവുണ്ടാകും വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ 11വരെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. തെളിവെടുപ്പിനും സഹകരിക്കണം. അറസ്റ്റിലായാൽ ജാമ്യത്തിനായി

അഞ്ചു ലക്ഷം രൂപ വീതമുള്ള സ്വന്തം ബോണ്ടും തത്തുല്യമായ രണ്ട് ആൾ ജാമ്യവും ഹാജരാക്കണം. പാസ്പോർട്ട് പൊലീസിന് കൈമാറണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്.

ഒന്നാം പ്രതിയായ രഞ്‌ജിത് മുത്തൂറ്റ് ഫിനാൻസിലെ ചീഫ് ജനറൽ മാനേജരായിരുന്നു. മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സിന്റെ മുൻ സി.ഇ.ഒയാണ് തോമസ്. കമ്പനിയുമായി ബിസിനസ് ബന്ധമുള്ള ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ജീവനക്കാരുടെ ഇൻസെന്റീവിനും മറ്റുമായി അനുവദിച്ച ഗിഫ്റ്റ് കാർഡുകൾ എണ്ണം കുറച്ചുകാട്ടിയും സ്വന്തം നിലയിൽ കൈമാറിയെടുത്തും ഹർജിക്കാർ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2023-24 കാലയളവിലായിരുന്നു ഇത്.