ഓപ്പറേഷൻ സൗന്ദര്യ: 1.5ലക്ഷം പിഴചുമത്തി

Thursday 31 July 2025 1:14 AM IST

തിരുവനന്തപുരം : വ്യാജസൗന്ദര്യ വസ്തുക്കൾ വിറ്റഴിക്കുന്നവർക്കെതിരായ ആരോഗ്യവകുപ്പ് ഓപ്പറേഷൻ സൗന്ദര്യയുടെ നടപടികൾ ശരിവച്ച് കോടതി. പല കേസുകളിലായി അടുത്തിടെ 1.5ലക്ഷം രൂപയാണ് വിവിധ കോടതികൾ പിഴവിധിച്ചത്. മിസ്ബ്രാന്റഡ് കോസ്‌മെറ്റിക്‌സ് വിൽപ്പന നടത്തിയതിന് തലശ്ശേരി എമിറേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്‌കൗണ്ട് ഷോപ്പിനെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഫയൽ ചെയ്ത കേസിൽ തലശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഓരോ പ്രതിക്കും 15,000 രൂപ വീതം ആകെ 75,000 രൂപ ശിക്ഷ വിധിച്ചു.

മിസ്ബ്രാന്റഡ് കോസ്‌മെറ്റിക്‌സ് വിൽപ്പന നടത്തിയതിന് കൊടുങ്ങല്ലൂർ ന്യൂ ലൗലി സെന്റർ ഷോപ്പിനെതിരായ കേസിൽ കൊടുങ്ങല്ലൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികൾക്ക് 10,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചു.

എറണാകുളം എഡിസി ഓഫീസിൽ ലഭിച്ച മരുന്നു മാറി നൽകിയ കേസിൽ എറണാകുളം തൃപ്പൂണിത്തുറ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിലെ മറിയാ മെഡിക്കൽസിനും ഉടമസ്ഥർക്കും ഒരു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.

കാലാവധി കഴിഞ്ഞതും ഉത്തേജകവും!

ഈമാസവും കഴിഞ്ഞമാസവും സംസ്ഥാനത്ത് നടന്ന എട്ട് ഡ്രൈവുകളിലായി കാലാവധി കഴിഞ്ഞ മരുന്നുകളും

രേഖകളില്ലാതെ സൂക്ഷിച്ച ലൈംഗിക ഉത്തേജക മരുന്നുകളും പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റവരും പിടിയിലായി.

കോട്ടയത്ത് 60,000 രൂപയുടെ മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ അനധികൃതമായി കടത്തിയ വാഹനം പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് സ്റ്റേഷനറി സ്ഥാപനമായ സെന്റ് ജോർജ് സ്റ്റോഴ്സിൽ ഷെഡ്യൂൾ എച്ച് വിഭാഗത്തിലെ മരുന്നുകൾ കണ്ടെത്തി. തൊടുപുഴ കരിക്കോട് വീട്ടിൽ അനധികൃതമായി മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ സൂക്ഷിച്ചതും മൂലമറ്റം ഗൗതം കൃഷ്ണ എന്നയാളുടെ വീട്ടിൽ നിന്ന് മെഫെന്റർമൈൻ സൾഫേറ്റ് ഇൻജക്ഷൻ മരുന്നിന്റെ ശേഖരവും പിടികൂടി. കോഴിക്കോട് മാറാട് മെഡിക്കൽ സെന്റർ, കോട്ടയം ചിങ്ങവനം കല്യാൺ ഹോമിയോ മെഡിക്കൽസ്,കണ്ണൂർ തളിപ്പറമ്പ് അറഫ മെഡിക്കൽസ് എന്നിവയ്ക്കെതിരെയും നടപടിയുണ്ട്.

സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉറപ്പാക്കാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികൾ തുടരും.

-വീണാ ജോർജ്,

ആരോഗ്യമന്ത്രി