തൃശൂരിലെ മനുഷ്യക്കടത്ത് ആരോപണം: തെളിവില്ല, കന്യാസ്ത്രീകൾ കുറ്റവിമുക്തർ

Thursday 31 July 2025 1:23 AM IST

തൃശൂർ: ഛത്തീസ്ഗഡിലേതുപോലെ തൃശൂരിൽ മനുഷ്യക്കടത്ത് ആരോപിച്ച് റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു കന്യാസ്ത്രീകളടക്കം അഞ്ചുപേരെ ഒന്നാം അഡീഷണൽ സെഷൻസ് വിചാരണ കൂടാതെ കോടതി കുറ്റവിമുക്തരാക്കി. സംഭവം നടന്ന് നാലുവർഷത്തിനുശേഷം ഈമാസം 26 നാണ്, വിചാരണ നടത്താൻ തക്ക തെളിവുകളില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച് പ്രതിപ്പട്ടികയിൽ നിന്ന് ഇവരെ പ്രഥമദൃഷ്ട്യാ ഒഴിവാക്കിയത്.

2021 സെപ്തംബറിലായിരുന്നു സംഭവം. കേസിലെ നാലും അഞ്ചും പ്രതികളായിരുന്നു തൃശൂരിലെ വ്യത്യസ്ത മഠങ്ങളിലെ കന്യാസ്ത്രീകൾ. ജാർഖണ്ഡിൽ നിന്ന് ആലപ്പുഴ – ധൻബാദ് എക്‌സ്പ്രസിൽ തൃശൂരിൽ റെയിൽവേ സ്റ്റേഷനിലെത്തിച്ച മൂന്ന് പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് റെയിൽവേ പൊലീസിന് കൈമാറിയിരുന്നു. ഇവരെ തൃശൂരിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ജീവിതമാർഗം തേടിയാണ് കുട്ടികൾ മാതാപിതാക്കളുടെ സമ്മതത്തോടൊപ്പം വന്നതെന്ന് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് മനുഷ്യക്കടത്ത് കുറ്റം നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതിപ്പട്ടികയിൽ ചേർത്ത കന്യാസ്ത്രീകൾ അടക്കമുള്ളവരെ ജഡ്ജി കെ.കമനീസ് കുറ്റവിമുക്തരാക്കിയത്. കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളായിരുന്നു ഒന്നും രണ്ടും പ്രതികൾ. മൂന്നാം പ്രതി അവരുടെ സുഹൃത്തായ ജാർഖണ്ഡ് സ്വദേശിയായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കളായിരുന്നു പെൺകുട്ടികൾ.