ക്രിക്കറ്ര് താരം സന്തോഷ് കരുണാകരന്റെ ആജീവനാന്ത വിലക്ക് നീക്കി

Thursday 31 July 2025 7:36 AM IST

ന്യൂഡൽഹി : ലോധ കമ്മിറ്രി പരിഷ്ക്കാരം നടപ്പാക്കണമെന്നാവശ്യപ്പെട്ടതിനു പിന്നാലെ ക്രിക്കറ്ര് താരം സന്തോഷ് കരുണാകരനെ ആജീവനാന്തം വിലക്കിയ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. സന്തോഷ് കരുണാകരന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്,​ സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേരളത്തിലെ എല്ലാ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിലും ലോധ കമ്മിറ്രി ശുപാർശകൾ നടപ്പാക്കണമെന്ന് 2019ൽ താരം ഓംബുഡ്സ്‌മാൻ ഓഫ് എത്തിക്‌സ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഓംബുഡ്സ്‌മാൻ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. 2021ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തി ബ്ലാക് ലിസ്റ്റ് ചെയ്‌തു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജില്ലാ അസോസിയേഷനുകളുടെ ഭരണത്തിൽ ഘടനാപരമായ പരിഷ്‌ക്കാരം ആവശ്യപ്പെട്ട സന്തോഷ് കരുണാകരന്റെ അപേക്ഷയിൽ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ സുപ്രീംകോടതി ഓംബുഡ്സ്‌മാന് നിർദ്ദേശം നൽകി.