അനിൽ എ ജോൺസൺ അന്തരിച്ചു

Thursday 31 July 2025 7:39 AM IST

തിരുവനന്തപുരം: കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കുടപ്പനക്കുന്ന് തിരുമം​ഗലത്ത് (ടിസി-20/1351(3) പി.ആർ.എ-120 ) അനിൽ എ ജോൺസൺ അന്തരിച്ചു. 62 വയസായിരുന്നു. ആരോ​ഗ്യ വകുപ്പിലെ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. സോഫ്റ്റ്ബോൾ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് , സംസ്ഥാന സ്പോട്സ് കൗൺസിൽ അം​ഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഇന്ത്യൻ ദേശീയ സോഫ്റ്റ് ബോൾ ടീമിന്റെ പരിശീലകൻ, മാനേജർ, സെലക്ടർ, സോഫ്റ്റ് ബോൾ അന്തരാഷ്ട്ര അമ്പയർ ഉൾപ്പെടെ വിവിധ രം​ഗങ്ങളിൽ സേവനം അനുഷ്ടിച്ചിരുന്നു. ​ഗുജറാത്തിൽ നടന്ന നാഷണൽ ​ഗെയിംസിൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആയിരുന്നു.

12 വർഷമായി കേരള സോഫ്റ്റ് ബോൾ അസോസേഷന്റെ സെക്രട്ടറിയായിരുന്നു. സംസ്ഥാനത്ത് സോഫ്റ്റ് ബോളിന്റെ പ്രചരണത്തിനും, ജനകീയതയ്ക്കും വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹത്തിന്റെ കാലയളവിൽ സബ്ജൂനിയർ, ജൂനിയർ , സീനിയർ വിഭാ​ഗങ്ങളിൽ കേരള ടീം നിരവധി തവണ ദേശീയ തലത്തിൽ കീരീടം നേടിയിരുന്നു. ​ഗോവയിൽ നടന്ന ദേശീയ ​ഗെയിംസിൽ സോഫ്റ്റ്ബോളിൽ വനിതാ വിഭാ​ഗത്തിൽ വെള്ളിമെഡൽ നേടിയതും അനിൽ എ ജോൺസന്റെ ശക്തമായ പിൻതുണ കൊണ്ടായിരുന്നു.

ഭാര്യ: ജിജി ജോസഫ്, മക്കൾ : അഞ്ചു ഏയ്ഞ്ചൽ മേരി ( യു.കെ), ആശിഷ് ജോൺ ( പ്രോജക്ട് എൻജിനീയർ, കില) മരുമക്കൾ: ജോബിഷ് ജോബ് ( ദുബായ്) ,സ്റ്റെഫി മോൾ എസ്. സംസ്കാരം ആഗസ്റ്റ് 2ന് ഉച്ചയ്ക്ക് 2.30ന് നാലാഞ്ചിറ ലൂർദ് സെമിത്തേരിയിൽ ( സീറോ മലബാർ).