'മതപരിവര്‍ത്തനം നടന്നിട്ടില്ല, പ്രശ്നം പരിഹരിക്കാൻ ബിജെപി മാത്രം, സന്തോഷവാർത്ത ഉടൻ വരും'

Thursday 31 July 2025 1:01 PM IST

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നടപടിക്രമങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പമാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയതിന് കാരണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്ക്യുലേറ്റിന്റെയോ സിബിസിഐയുടെയോ അംഗീകൃത പ്രതിനിധികളല്ല ജാമ്യാപേക്ഷ സമർപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ആശയക്കുഴപ്പമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ അപേക്ഷ നിരസിക്കപ്പെടുന്നത് സ്വാഭാവികമാണ്. കന്യാസ്ത്രീകളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്ന് മാത്രമേ നടക്കുന്നുള്ളു. മറ്റുള്ളവരെല്ലാം അവരെ ദീർഘകാലകത്തേക്ക് എങ്ങനെ ജയിലിൽ കിടത്താം എന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും കന്യാസ്ത്രീകളുടെ മോചനത്തിനായി അധികൃതരുമായി അടുത്ത് പ്രവർത്തിക്കുകയാണ്. ശുഭകരമായ വാര്‍ത്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്'.- മന്ത്രി പറഞ്ഞു.

കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തിരിച്ചു നാട്ടിലേക്കു പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് ജാമ്യാപേക്ഷ നല്‍കിയത്. ആരാണ് ജാമ്യഹര്‍ജി നല്‍കിയതെന്ന് കണ്ടുപിടിക്കണം. നടപടികള്‍ പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും അതു തള്ളപ്പെടുകയുമാണ് ഉണ്ടായത്. കന്യാസ്ത്രീകള്‍ കൊണ്ടുപോയ കുട്ടികള്‍ ക്രിസ്ത്യാനികള്‍ ആണോ എന്ന് കോടതിയാണ് സ്ഥരീകരിക്കേണ്ടത്. വിഷയം കോടതിയുടെ പരിഗണനയിലാണ്. അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല'. - മന്ത്രി വ്യക്തമാക്കി.

മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് അദ്ദേഹത്തിന് ഉത്തമബോധ്യം ഉള്ളതുകൊണ്ടായിരിക്കും. പക്ഷേ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പക്ഷം പിടിച്ചു പ്രതികരിക്കാന്‍ മന്ത്രിയായതിനാല്‍ കഴിയില്ല'.- ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേർത്തു.