'ഞാനൊരു നല്ല മനുഷ്യനാകണമെന്ന് എന്നെ ഓർമ്മിപ്പിക്കുന്ന കുഞ്ഞ് മാലാഖ'- മകനൊപ്പം പിറന്നാൾ ആഘോഷിച്ച് ഹാർദിക് പാണ്ഡ്യ

Thursday 31 July 2025 2:33 PM IST

മകനോടൊപ്പം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. അഞ്ച് വയസ് തികഞ്ഞ മകൻ അഗസ്ത്യയോടൊപ്പം ഹാർദിക്ക് സമയം ചെലവഴിക്കുന്ന രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വീഡിയോയ്ക്കൊപ്പം ഹൃദയംഗമമായ ഒരു കുറിപ്പും ഇന്ത്യൻ ഓൾറൗണ്ടറായ ഹാർദിക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

" ഞാനൊരു നല്ല മനുഷ്യനാകണമെന്ന് എല്ലാ ദിവസവും എന്നെ ഓർമ്മിപ്പിക്കുന്ന കുഞ്ഞ് മാലാഖ! നിനക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, മറ്റൊന്നിനുമല്ല ഇതുപോലുള്ള നല്ല നിമിഷങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്. എന്റെ ജീവിതം മാറ്റി മറിച്ച എന്റെ കുഞ്ഞ് മാലാഖയ്ക്ക് ജന്മദിനാശംസകൾ' ഹാർദിക് കുറിച്ചു.

ദൃശ്യങ്ങളിൽ പാണ്ഡ്യ അഗസ്ത്യയെ കൈകളിൽ എടുത്ത് മടിയിൽ കിടത്തുകയും "നീ എന്റെ മാലാഖയാണ്" എന്ന് പറയുന്നതും കാണാം. തുടർന്ന് മൈക്കിന്റെ ഉപയോഗത്തെക്കുറിച്ച് അഗസ്ത്യയ്ക്ക് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. 'നോക്ക് നീ മൈക്ക് കാണുമ്പോഴെല്ലാം മൈക്ക്-ടെസ്റ്റ് ചെയ്യുന്നത് വൺ-ടൂ, വൺ-ടൂ,' പാണ്ഡ്യ തന്റെ കുട്ടിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

'മൈക്ക് നെഞ്ചിൽ വച്ചില്ലെങ്കിൽ ക്യാമറയിൽ ഒരു ശബ്ദവും കേൾക്കില്ല. ഞാൻ ഇവിടെ നിന്ന് ചുണ്ടിനടുത്ത് വച്ച് എന്തെങ്കിലും മൈക്കിലൂടെ പറഞ്ഞാൽ അവർക്ക് അത് കേൾക്കാൻ കഴിയും. പക്ഷേ ഞാൻ മൈക്ക് ദൂരെ പിടിച്ചാലോ, അവർക്ക് ഒന്നും കേൾക്കാൻ കഴിയില്ല'.-ഹർദിക് പറയുന്നു.

2025ലെ ഐപിഎൽ അവസാനിച്ച ശേഷം പാണ്ഡ്യ നിലവിൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ അദ്ദേഹം വീണ്ടും ഇന്ത്യം കുപ്പായമണിഞ്ഞ് കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഏകദിന ട്വന്റി 20 മത്സരങ്ങളിൽ സ്ഥിരസാനിദ്ധ്യമാണ് ഹാർദിക്ക്. ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും 2024ലെ ട്വന്റി 20 ലോകകപ്പ് ഉൾപ്പെടെയുള്ള ടീമിന്റെ തുടർച്ചയായ രണ്ട് കിരീട വിജയങ്ങളിലും പാണ്ഡ്യ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.