"മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അവർ അതിന് റെഡിയാകില്ല, കാരണം"

Thursday 31 July 2025 4:53 PM IST

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാൻ ഇന്നും ആഗ്രഹമുണ്ടെന്ന് നടി ശാന്തി കൃഷ്ണ. പക്ഷേ അവർ വിളിക്കണ്ടേയെന്ന് നടി ചോദിക്കുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.

'അവർ ഇനി ചിന്തിക്കില്ല. മോഹൻലാലും മമ്മൂട്ടിയും എന്റെ കൂടെ അഭിനയിക്കാൻ റെഡിയാവണ്ടേ. നിവിന്റെ അമ്മ, ഫഹദിന്റെ അമ്മ... ഇങ്ങനെ അമ്മയായി അഭിനയിച്ചിട്ട് ഇനി നായികയായി അഭിനയിച്ചാൽ ശരിയാകില്ലെന്ന് അവർ വിചാരിക്കും. ഇന്നും ഇവരുടെ നായികയായി എന്നെ വിളിച്ചുകഴിഞ്ഞാൽ മലയാളികൾ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- നടി വ്യക്തമാക്കി. കൊച്ചിയിലെ വീടിനെക്കുറിച്ചും നടി വെളിപ്പെടുത്തി. 'ഞാൻ ഇപ്പോൾ വീണ്ടും കേരളത്തിലെ കുട്ടിയായി. കൊച്ചിയിലെ വീടിന് ശ്രീകൃഷ്ണം എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യമായി വീട് വാങ്ങാനുള്ള ഭാഗ്യം അറുപതുവയസു കഴിഞ്ഞതിന് ശേഷമാണ് എനിക്കുണ്ടായിട്ടുള്ളത്. കേരളത്തിലേക്ക് വരണമെന്ന ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. പക്ഷേ എനിക്കതിന് അവസരമില്ലായിരുന്നു. പിള്ളേര് പഠിച്ചത് ബംഗളൂരുവിലും അമേരിക്കയിലുമൊക്കെയാണ്. അപ്പോൾ അവിടങ്ങളിൽ ജീവിക്കാനായിരുന്നു കംഫർട്ട്. ഇപ്പോൾ മക്കൾ രണ്ടാളും അമേരിക്കയിലാണ്. എനിക്ക് ബംഗളൂരുവിൽ ഒന്നും ചെയ്യാനുമില്ല. അങ്ങനെ മക്കളാണ് കേരളത്തിൽ പോയിക്കൂടെ അവിടെ സുഹൃത്തുക്കളുണ്ടല്ലോ എന്ന് ചോദിച്ചു. സുഹൃത്തുക്കളും കൊച്ചിയിലോട്ട് വരാൻ നിർബന്ധിച്ചു. കൃഷ്ണന്റെ അമ്പലത്തിനടുത്തുതന്നെയാണ് ആ വീട്. ആ വീടിനകത്ത് കയറിയപ്പോൾത്തന്നെ ഇഷ്ടമായി. അങ്ങനെ അത് വാങ്ങി.'- ശാന്തി വ്യക്തമാക്കി.