ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു, റോഡിൽ വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

Thursday 31 July 2025 5:43 PM IST

ഇടുക്കി: ടോറസ് ലോറി സ്‌കൂട്ടറിലിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളൂർകുന്നം മാരിയിൽ ജയനാണ് (67) മരിച്ചത്. മൂവാറ്റുപുഴയിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടർ ഇടിച്ചിട്ട ശേഷം യാത്രക്കാരനായ ജയന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

കച്ചേരിത്താഴം ഭാഗത്തുനിന്ന് വരികയായിരുന്നു സ്‌കൂട്ടർ. ജയൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഉടൻതന്നെ നാട്ടുകാർ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.