മലിനജല സംസ്‌കരണ പ്ലാന്റില്ല; 70ഓളം ഫ്‌ളാറ്റുകൾക്ക് പണി പ്രതിഷേധം ശക്തം
കൊച്ചി: മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി) ഇല്ലാത്ത കൊച്ചിയിലെ 70ലേറെ ഫ്‌ളാറ്റുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി ). ഫ്ളാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് പി.സി.ബി കെ.എസ്.ഇ.ബി.ക്ക് നോട്ടീസ് നൽകി. പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ ഫ്‌ളാറ്റുകൾക്ക് പി.സി.ബി. നോട്ടീസ് നൽകിയിരുന്നു. ഇതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വൈദ്യുതി വിച്ഛേദിക്കാനുള്ള നീക്കം. കൊച്ചി കോർപ്പറേഷനും ഫ്ളാറ്റുകൾക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ്.
പല ഫ്ളാറ്റ് റെസിഡൻസ് അസോസിയേഷനുകളും എസ്.ടി.പി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പി.സി.ബിയെ അറിയിച്ചിരുന്നു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. തങ്ങളുടെ ബുദ്ധിമുട്ടുകൾ മലിനീകരണ നിയന്ത്രണ ബോർഡിനെയും കൊച്ചി കോർപ്പറേഷനെയും അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഫ്ളാറ്റ് അസോസിയേഷനുകൾ.
ഫ്ളാറ്റ് അധികൃതരുടെ വാദങ്ങൾ സ്ഥലപരിമിതിയുണ്ടെന്നും നിലവിലെ ഫ്‌ളാറ്റുകളുടെ ചില ഭാഗങ്ങൾ പൊളിച്ച് നീക്കിയാലേ പ്ലാന്റ് നിർമ്മിക്കാൻ സാധിക്കൂ
പലയിടത്തും ഉടമകൾ സ്ഥലത്തില്ലാത്തതിനാൽ പ്ലാന്റ് സ്ഥാപിക്കാനുള്ള പണം സ്വരൂപിക്കാനാകുന്നില്ല.
ഫ്‌ളാറ്റ് അസോസിയേഷനുകളുടെ കൈവശം പ്ലാന്റ് നിർമ്മിക്കാനാവശ്യമായ തുക ബാക്കിയില്ല
മഴക്കാലത്ത് പ്ലാന്റ് നിർമ്മാണം ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാകും.
പ്ലാന്റ് നിർമ്മാതാക്കളുടെ എണ്ണക്കുറവ് വൈദഗ്ധ്യമുള്ളവരെ കണ്ടെത്തൽ
പുതിയ പ്ലാന്റ് നിർമ്മാണത്തിന് 8 മുതൽ 12 മാസം വരെ സമയമെടുക്കും.
നടപടിക്ക് നിർബന്ധിതരായി പി.സി.ബി. ഒന്നര വർഷം മുമ്പാണ് നഗരത്തിലെ ഫ്ളാറ്റുകൾ തേവര-പേരണ്ടൂർ കനാലിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മലിനീകരണ നിയന്ത്രണ ബോർഡ് എന്ത് നടപടി എടുത്തുവെന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നുവെന്നും അതിനാലാണ് ഫ്ളാറ്റുകൾക്ക് നോട്ടീസ് നൽകിയതെന്നും പി.സി.ബി. അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കി.
കോടതി നേരിട്ട് ഇടപെട്ട വിഷയമാണ്. ശക്തമായ നടപടിയുണ്ടാകും. മലിനീകരണ നിയന്ത്രണ ബോർഡ്
ചുരുങ്ങിയ സ്ഥലത്ത് എസ്.ടി.പി നിർമ്മിക്കാനുള്ള സാങ്കേതിക സഹായം ഫ്ളാറ്റുകൾക്ക് ലഭ്യമാക്കണം. അതിന് ആവശ്യമായ സമയവും അനുവദിക്കണം. സാജു എബ്രഹാം ജോസഫ് സംസ്ഥാന ചെയർമാൻ കൺസോർഷ്യം ഒഫ് ഫ്‌ളാറ്റ്‌സ് ആൻഡ് വില്ലാസ് ഓണേഴ്‌സ് അസോസിയേഷൻ