കാർ കത്തിനശിച്ചു
പ്രമാടം : ഓട്ടത്തിനിടയിൽ വാഗണർ കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രമാടം ഞക്കുകാവ് - മുണ്ടയ്ക്കാമുരുപ്പ് റോഡിൽ ഗവ.വെൽഫെയർ സ്കൂളിന് സമീപമാണ് സംഭവം. ഞക്കുകാവ് പുതുവേലിൽ വീട്ടിൽ ബിന്ദു, സഹോദരി ബീന എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ബിന്ദുവാണ് കാർ ഓടിച്ചിരുന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റൊരു വാഹനത്തിലെ യാത്രക്കാർ ഇവരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ കാർ നിറുത്തി ഇരുവരും പുറത്തിറങ്ങി സമീപവാസികളുടെ സഹായം തേടിയെങ്കിലും തീ ആളിക്കത്താൻ തുടങ്ങിയിരുന്നു. ഓടിക്കൂടിയവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. കോന്നിയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.