വേനലവധിയോ... മഴയവധിയോ... മന്ത്രിയുടെ ആശയത്തോട് സമ്മിശ്ര പ്രതികരണം
കൊച്ചി: സ്‌കൂൾ അവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ജൂൺ, ജൂലായ് മാസങ്ങളിലേക്ക് വേനലവധി മാറ്റുന്നതിനെക്കുറിച്ചാണ് മന്ത്രിയുടെ നിർദേശം. മൺസൂൺ കാലയളവായ ജൂൺ, ജൂലായ് മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചർച്ചയെന്ന് മന്ത്രി വിശദീകരിച്ചിരുന്നു. ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപകരും എതിർക്കുന്നുണ്ട്. ഇത് ദേശീയ പരീക്ഷകളെ ഉൾപ്പെടെ ബാധിക്കുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക. കൂടാതെ, കൊടുംചൂടുള്ള സമയത്ത് കുട്ടികൾ സ്‌കൂളിൽ പോകുന്നത് സംബന്ധിച്ചും സ്‌കൂളുകളിലെ കുടിവെള്ളക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഗണിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് അവധിക്കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ-മേയ് മാസങ്ങളായിരിക്കുമെന്നും ഭിന്നാഭിപ്രായമുള്ളവർ പറയുന്നു. എന്നാൽ, മന്ത്രിയുടെ നിർദേശം നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. മഴക്കാലത്ത് കുട്ടികൾ സ്‌കൂളിൽ പോകുന്നത് ഭീതിജനകമാണെന്നും, സുരക്ഷിതമായി വീടുകളിൽ തുടരാൻ അവധി മാറ്റം സഹായകമാകുമെന്നുമാണ് ഇവരുടെ വാദം. മേയ്-ജൂൺ മാസങ്ങളാണ് അവധിക്ക് നല്ലതെന്നാണ് ചിലരുടെ പക്ഷം. അവധിക്കാലം കുട്ടികൾക്ക് യാത്രകൾക്കും ആഘോഷങ്ങൾക്കുമൊക്കെയുള്ളതാണെന്നും, മേയിൽ യാത്രകളും ജൂൺ മാസത്തിൽ സുരക്ഷിതമായി വീട്ടിലിരിക്കാനും കഴിയുമെന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
ജൂൺ, ജൂലായ് നല്ലതല്ല. കുട്ടികൾക്ക് ക്രിയാത്മകമായി അവധിക്കാലം വിനിയോഗിക്കാനാവില്ല. സുചിത്ര കൃഷ്ണകുമാർ അദ്ധ്യാപിക തെരേസാ സ്പിനേലി പബ്ലിക് സ്‌കൂൾ പൊറ്റക്കുഴി
നിലവിലെ കാലാവസ്ഥ അനുസരിച്ച് ജൂൺ, ജൂലായ് അപകടം പിടിച്ച കാലാവസ്ഥയാണ്. മേയ്, ജൂൺ അവധി നൽകുന്നതാകും ഉചിതം സൗമ്യ മോഹനൻ മലയാളം അദ്ധ്യാപിക വെണ്ണല ഗവ. ഹൈസ്‌കൂൾ
ഏപ്രിൽ, മേയ് ആണ് അവധിക്കാലം നല്ലത്. കുട്ടികൾക്ക് കളിക്കാനുമൊക്കെ നല്ലത് വേനൽ കാലമാണ്. ഇന്ദ്രനീൽ ജീവൻ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗവ.എച്ച്.എസ് വെണ്ണല
നിലവിലെ സ്ഥിതി തുടരുന്നതാണ് നല്ലത്. മഴക്കാലത്ത് അവധി നൽകിയാൽ കുട്ടികൾ വീട്ടിൽ തന്നെയിരുന്ന് അവരുടെ ക്രിയാത്മക കഴിവുകൾ നഷ്ടപ്പെടുത്തും. ഒരിക്കൽ കൂടി കുട്ടികൾ മൊബൈലിനും സ്‌ക്രീനിനും അടിമകളാകും. റോഷ്‌നി സുനിൽ മാതാവ്