റോഡ് നിർമ്മാണ വിലക്കിൽ പ്രതിഷേധം ശക്തം; നേര്യമംഗലം സമരഭൂമിയായി
കോതമംഗലം: ദേശീയപാതയിൽ നേര്യമംഗലം വാളറ ഭാഗത്ത് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞതുമായി ബന്ധപ്പെട്ട് വനംവകുപ്പിനെതിരെയുള്ള പ്രതിഷേധം ശക്തമായി. ഈ ഭാഗം വനംഭൂമിയാണെന്ന് വനംവകുപ്പ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഇത്തരമൊരു വിധിയുണ്ടായതെന്നാണ് ആരോപണം. കോതമംഗലം രൂപതയിലെ വിവിധ സംഘടനകളും ഹൈവേ സംരക്ഷണ സമിതിയും നേര്യമംഗലത്തെ ഫോറസ്റ്റ് റേയ്ഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കോതമംഗലം രൂപതയിലെ സംഘടനകളുടെ സമരത്തിന് ഭാരാവാഹികളും ജനപ്രതിനിധികളും നേതൃത്വം നൽകി. പൊതുസമ്മേളനം രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. വിൻസന്റ് നെടുങ്ങാട്ട്, ഫാ. മാത്യു തോട്ടത്തിമ്യാലിൽ, ഫാ. ജോസ് കുളത്തൂർ, ഫാ. മാനുവൽ പിച്ചളക്കാട്ട്, സണ്ണി കടുത്താഴെ, ഷൈജു ഇഞ്ചക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഹൈവേ സംരക്ഷണ സമിതിയുടെ ലോംഗ് മാർച്ച് മൂന്നാം മൈലിൽ നിന്നാണ് ആരംഭിച്ചത്. ഫാ. മത്തായി, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഇമാം ഹാഫിസ് മുഹമ്മദ് അർഷാദി എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. മാർച്ച് നേര്യമംഗലത്ത് എത്തിയപ്പോൾ പൊലീസുമായി നേരിയ സംഘർഷമുണ്ടായി. സമ്മേളനം ഫാ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ പി.എം. ബേബി അദ്ധ്യക്ഷനായി. സിജുമോൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു കാട്ടിപ്പറമ്പിൽ, ഡിജോ കാപ്പൻ, കെ.കെ. രാജൻ, അഡ്വ. ബിനോയി സെബാസ്റ്റ്യൻ, ഡയസ് പുല്ലൻ, എം.ജെ. ജേക്കബ്, ജോസുകുട്ടി ഒഴുകയിൽ, എ.കെ. മണി, കെ.എച്ച്. അലി, എ.ഡി. ജോൺസൺ,റസാക്ക് ചൂരവേലി തുടങ്ങിയവർ പ്രസംഗിച്ചു.