കൂറുമാറ്റത്തിൽ സുപ്രീംകോടതി: സ്‌പീക്കറുടെ അധികാരം പാർല. പുനഃപരിശോധിക്കണം

Friday 01 August 2025 12:00 AM IST

ന്യൂഡൽഹി: ജനപ്രതിനിധികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട അയോഗ്യതാ പരാതികളിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്കുള്ള അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. തെലങ്കാനയിൽ കോൺഗ്രസിലേക്ക് ചേക്കേറിയ പത്ത് ബി.ആർ.എസ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന പരാതികളിൽ മൂന്നു മാസത്തിനകം സ്‌പീക്കർ തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. വിമതന്മാർക്കെതിരെ ബി.ആർ.എസ് നേതാക്കൾ സമർപ്പിച്ച ഹർജിയിലാണിത്.

അയോഗ്യതാ പരാതികളിൽ തീരുമാനം നീളുന്നതിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്,ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെ‌ഞ്ച് അതൃപ്‌തി രേഖപ്പെടുത്തി. കൂറുമാറ്റ നിരോധന നിയമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനയിലെ പത്താം ഷെഡ്യൂൾ പ്രകാരമാണ് സ്‌പീക്കർ തീരുമാനമെടുക്കേണ്ടത്. കോടതി നടപടികളിൽ വിഷയം ഇഴയരുതെന്ന ഉദ്ദ്യേശ്യത്തോടെയാണ്,അയോഗ്യതാ പരാതികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കറെ പാർലമെന്റ് അധികാരപ്പെടുത്തിയത്. തീരുമാനം വൈകിപ്പിക്കുന്ന പ്രവണത ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി,ഈ സംവിധാനം പര്യാപ്‌തമാണോയെന്ന് സംശയം പ്രകടിപ്പിച്ചു. പാർലമെന്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി.

ജനാധിപത്യത്തിന്

ഭീഷണി

രാഷ്ട്രീയ കൂറുമാറ്റങ്ങൾ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നുവെന്ന് സുപ്രീം കോടതി.. അയോഗ്യതാ പരാതികളിൽ സ്‌പീക്കർ ട്രൈബ്യൂണലെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ആ സമയത്ത് സ്‌പീക്കർക്ക് ഭരണഘടനാ പരിരക്ഷയില്ല. സ്‌പീക്കറുടെ തീരുമാനം ജുഡിഷ്യൽ പരിശോധനയ്‌ക്ക് വിധേയമാണ്. കോടതികളെ ബുദ്ധിമുട്ടിക്കാതെ, വേഗത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. സഭയുടെ കാലാവധി കഴിയും വരെ അടയിരിക്കാനാവില്ല. 'ഓപ്പറേഷൻ വിജയം,രോഗി മരിച്ചു' എന്ന സാഹചര്യമുണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. അയോഗ്യതാ പരാതികളിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് സമയ പരിധി നിശ്ചയിക്കാത്തതിന് തെലങ്കാന ഹൈക്കോടതിയെയും വിമർശിച്ചു.