സ്ത്രീധനം നൽകൽ കുറ്റകരമാക്കുന്ന വകുപ്പ് റദ്ദാക്കാൻ ഹർജി

Friday 01 August 2025 12:00 AM IST

കൊച്ചി: സ്ത്രീധനം നൽകുന്നത് കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് - മൂന്ന് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയടക്കം വിശദീകരണം തേടി. സ്ത്രീധനം വാങ്ങുന്നവർക്ക് പുറമേ അത് നൽകുന്നവരെയും കുറ്റക്കാരായി കണക്കാക്കുന്നതിനാൽ പരാതി ഉന്നയിക്കാൻ വധുവിന്റെ വീട്ടുകാർക്ക് കഴിയുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമ ബിരുദധാരിയായ എറണാകുളം സ്വദേശി ടെൽമി ജോളിയാണ് ഹർജി നൽകിയത്. സ്ത്രീധന മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. വിവാഹ സമയത്ത് വധുവിന്റെ വീട്ടുകാർ കൈമാറുന്ന സ്വത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി വയ്‌ക്കണമെന്ന ചട്ടം നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി 7ന് വീണ്ടും പരിഗണിക്കും.