ആരോപണങ്ങൾക്കെതിരെ നിയമ നടപടി: രാഹുൽ മാങ്കൂട്ടത്തിൽ
Friday 01 August 2025 12:00 AM IST
ആലപ്പുഴ: തന്നെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. മാദ്ധ്യമങ്ങൾ പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കുമ്പോൾ തന്നെ, സർക്കാരിനെതിരായ ചോദ്യങ്ങളെ തടുക്കാനുള്ള അവസരമായി ചിലർ ഇതിനെ ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.
വയനാട് ദുരന്തബാധിതരെ സഹായിക്കാൻ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയെപ്പറ്റി നിരന്തരം വാർത്തയെഴുതുന്നവർ സർക്കാർ 770 കോടിയിലധികം ഇതിനായി സ്വരൂപിച്ചിട്ട് വീട് പണിതു നൽകാത്തതിനെതിരെ നിശബ്ദത പാലിക്കുകയാണ്. മുണ്ടക്കൈ ചൂരൽമലയിൽ നിർമ്മിച്ച മാതൃകാ വീടിന് 30 ലക്ഷം രൂപ ചെലവിട്ടെന്നാണ് സർക്കാർ വെളിപ്പെടുത്തിയത്. ആ വീടിന് അത്രപണ മാകുമോയെന്നും രാഹുൽ ചോദിച്ചു.