പാലോട് രവിയുടെ രാജി സ്വീകരിച്ചതിൽ തിടുക്കമെന്ന് തെളിവെടുപ്പിൽ മൊഴി

Friday 01 August 2025 12:00 AM IST

തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തായതിനെ തുടർന്നുള്ള വിവാദത്തിന്റെ പേരിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ രാജി സ്വീകരിച്ചതിൽ പാർട്ടി നേതൃത്വം വലിയ തീടുക്കം കാട്ടിയെന്ന് വാമനപുരം നിയോജക മണ്ഡലത്തിലെ ബ്ളോക്ക്, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നേതൃത്വം നിയോഗിച്ച കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ മൊഴിയിലാണ് ഒമ്പതുപേർ ഈ അഭിപ്രായം പറഞ്ഞത്. പാർട്ടി പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗങ്ങൾ ഒരു ചാനലിന് ചോർത്തി നൽകിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കണമെന്ന അഭിപ്രായമാണ് പലരും പ്രകടിപ്പിച്ചത്.

ബേക്കർ ജംഗ്ഷനിലെ ഡി.സി.സി ഓഫീസിൽ ഇന്നലെ രാവിലെ മുതൽ ഉച്ചവരെയായിരുന്നു മൊഴിയെടുപ്പ്. അന്വേഷണ റിപ്പോർട്ട് ഉടൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എയ്ക്ക് കൈമാറുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

പാലോട് രവിക്ക് പുറമെ വാമനപുരം നിയോജക മണ്ഡലത്തിലെ ബ്ളോക്ക് , മണ്ഡലം ഭാരവാഹികളാണ് മൊഴി നൽകാനെത്തിയത്. പാലോട് രവി വിശദമായ മൊഴിയാണ് നൽകിയത്. പ്രാദേശികമായി നിലനിൽക്കുന്ന ചില ഭിന്നതകളെക്കുറിച്ച് പറയാനാണ് വെഞ്ഞാറമൂട് ബ്ളോക്ക് സെക്രട്ടറി വിളിച്ചതെന്നും ഭിന്നത തീർത്ത് മുന്നോട്ടു പോകാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും പാലോട് രവി പറഞ്ഞതായാണ് അറിയുന്നത്. പ്രധാന പാർട്ടി മീറ്റിംഗുകളിൽ സാധാരണ പറയാറുള്ള കാര്യങ്ങളാണ് താൻ പറഞ്ഞത്. സംഘടനയിൽ ഐക്യം നിലനിർത്തേണ്ടതിന്റെ ആവശ്യതയും അല്ലെങ്കിൽ സംഭവിക്കാവുന്ന ഭവിഷ്യത്തും ഓർമ്മപ്പെടുത്തുകയാണ് ചെയ്തത്. തന്റെ സംഭാഷണത്തിന്റെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെടുത്താതെ കുറച്ചു ഭാഗങ്ങൾ മാത്രം ഒരു ചാനലിന് ലഭ്യമാക്കിയതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും പാലോട് മൊഴി നൽകി.

പാലോട് രവിയുടെ ഫോൺ സംഭാഷണം ചാനലിന് ചോർത്തി നൽകിയെന്നു പറയപ്പെടുന്ന വെഞ്ഞാറമൂട് ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറി ജലീൽ മൊഴി നൽകാനെത്തിയെങ്കിലും പാർട്ടി പ്രവർത്തകർ തടഞ്ഞു. അച്ചടക്ക നടപടിക്ക് വിധേയനായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആൾ ഡി.സി.സി ഓഫീസിൽ കയറാൻ പാടില്ലെന്നായിരുന്നു നിലപാട്. മൊഴി നൽകാതെ ജലീൽ മടങ്ങിപ്പോയി.

എന്നാൽ, ജലീലിന്റെ രേഖാമൂലമുള്ള മൊഴി ലഭിച്ചതായി തിരുവഞ്ചൂർ പറഞ്ഞു. രഹസ്യമായിട്ടാണ് മൊഴി രേഖപ്പെടുത്തയത്.