പന്തളത്ത് തട്ടുകടയിൽ ഗുണ്ടാ ആക്രമണം

Friday 01 August 2025 12:33 AM IST

പന്തളം : തട്ടുകടയിൽ രാത്രിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കട ഉടമയ്ക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തു. കുളനട , ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പന്തളം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10ന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ടുചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോകാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.തുടർന്ന് വാക്കേറ്റമായി ശ്രീനാഥിനെയും ജീവനക്കാരനെയും സംഘം പിടിച്ചുതള്ളി. അക്രമം ഉണ്ടായപ്പോൾ കടയിലെ ജീവനക്കാർ പറന്തലിൽ തട്ടുകട നടത്തുന്ന ശ്രീനാഥിന്റെ സഹോദരൻ ശ്രീകാന്തിനെയും പൊലീസിനെയും വിവരമറിയിച്ചു. ഈസമയം സംഘം കൂടുതൽ ആളുകളെ വിളിച്ചുവരുത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പറന്തലിൽ നിന്ന് പന്തളത്തെ തട്ടുകടയിൽ എത്തിയ ശ്രീകാന്തിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഗ്ലാസ് കൊണ്ടും പൂച്ചട്ടി കൊണ്ടും, സ്റ്റീൽ മഗ് കൊണ്ടും തലയ്ക്ക് ആക്രമിക്കുകയായിരുന്നു. ശ്രീകാന്തിന്റെ തലയ്ക്ക് 21 തുന്നലുകൾ വേണ്ടിവന്നു, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയിലെ സാധനങ്ങളും നശിപ്പിച്ചു. ശ്രീകാന്തിനെയും ശ്രീനാഥിനെയും ജീവനക്കാരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പന്തളം പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ കഴിഞ്ഞില്ല.