ഗവർണറെ കണ്ട് കേരള യൂണി. വി.സി

Friday 01 August 2025 12:18 AM IST

രജിസ്ട്രാർക്കെതിരേ അതിക്രമിച്ച് കടക്കലിന് കേസുകൊടുക്കാം

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ഇന്നലെ രാജ്ഭവനിലെത്തി ഗവർണർ ആർ.വി. ആർലേക്കറെ കണ്ട് സർവകലാശാലയിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു. രജിസ്ട്രാറുടെ സസ്പെൻഷനും അതേത്തുടർന്നുള്ള പ്രതിഷേധങ്ങളും ഗവർണറെ വി.സി ധരിപ്പിച്ചു. വി.സിയുടെ നടപടികൾ ശരിയാണെന്നും തുടരാമെന്നും ഗവർണർ വ്യക്തമാക്കി. സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഓഫീസിൽ വരുന്നത് നിയമവാഴ്ചയ്ക്ക് എതിരാണ്. ഇനിയും ഇത് ആവർത്തിച്ചാൽ അതിക്രമിച്ചു കടന്നതിന് പൊലീസിൽ കേസ് നൽകാനും വി.സിയോട് ഗവർണർ നിർദ്ദേശിച്ചു.

മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും കാണാനെത്തിയപ്പോൾ വി.സിയുടെ നടപടികൾ നിയമപ്രകാരമുള്ളതാണെന്ന് താൻ അറിയിച്ചിരുന്നു. അതിനാലാണ് താൻ വിഷയത്തിൽ ഇടപെടാത്തതെന്നും അറിയിച്ചു. ആദ്യം സസ്പെൻഷൻ അംഗീകരിക്കട്ടെയെന്നും പിന്നീട് തുടർ നടപടികളാവാമെന്നുമാണ് മന്ത്രിമാരോട് താൻ വ്യക്തമാക്കിയതെന്നും ഗവർണർ പറഞ്ഞു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.