രജിസ്ട്രാറുടെ ലോഗിൻ റദ്ദാക്കിയതായി കെൽട്രോൺ

Friday 01 August 2025 12:19 AM IST

തിരുവനന്തപുരം:സസ്പെൻഷനിലുള്ള കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ ഡിജിറ്റൽ ഫയൽ സംവിധാനത്തിലെ ലോഗിൻ റദ്ദാക്കിയതായി വി.സി ഡോ.മോഹനൻ കുന്നുമ്മലിനെ കെൽട്രോൺ അറിയിച്ചു.റദ്ദാക്കാനായി വി.സി കഴിഞ്ഞദിവസം കെൽട്രോണിന് കത്ത് നൽകിയിരുന്നു.ലോഗിൻ മാറ്റിനൽകിയാൽ നിയമ നടപടിയെടുക്കുമെന്നും വി.സി കെൽട്രോണിനെ അറിയിച്ചിരുന്നു.തുടർന്നാണ് കെൽട്രോൺ ഔദ്യോഗികമായി മറുപടി നൽകിയത്.സർവകലാശാലയുടെ ഔദ്യോഗിക യോഗങ്ങളിലൊന്നും ഡോ.അനിൽകുമാറിനെ പങ്കെടുപ്പിക്കുന്നില്ല.ഇന്നലെ ചേർന്ന ഡീൻസ് കൗൺസിലിൽ രജിസ്ട്രാറുടെ ചുമതലയുള്ള പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പനാണ് പങ്കെടുത്തത്.യുവജനോത്സവത്തിൽ ഗ്രേസ് മാർക്ക് അനധികൃതമായി അനുവദിച്ചത് സംബന്ധിച്ച് ഗവർണർ നടത്തിയ ഹിയറിംഗിലും മിനി കാപ്പനാണ് ഹാജരായത്.ഡോ.അനിൽകുമാറിന്റെ ശമ്പളം വി.സി തടഞ്ഞിരുന്നു.അദ്ദേഹത്തിന് ഈ മാസം ഉപജീവന ബത്ത മാത്രമേ അനുവദിക്കൂ.