ഫണ്ടില്ല; തുടങ്ങും മുമ്പേ ഒടുങ്ങി 'ധനുസ് 'പദ്ധതി മുടങ്ങിയത് ബിരുദ വിദ്യാർത്ഥികൾക്കുള്ള പരിശീലനം

Friday 01 August 2025 12:38 AM IST

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ബിരുദ വിദ്യാർത്ഥികളെ രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ക്യാമ്പസുകളിൽ ഉപരിപഠനത്തിന് പ്രാപ്തരാക്കാനായി തുടങ്ങിയ 'ധനുസ്' പദ്ധതി സർക്കാർ ഫണ്ട് നൽകാത്തതുമൂലം മുടങ്ങി. 2018ൽ കോഴിക്കോട് പേരാമ്പ്ര കരിയർ ഡെവലപ്മെന്റ് സെന്റർ മുഖേനയാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. മൂന്നുവർഷം പരിശീലനം പൂർത്തിയാക്കിയ 179 വിദ്യാർത്ഥികളിൽ 139 പേർക്ക് വിവിധ ക്യാമ്പസുകളിൽ പ്രവേശനം ലഭിച്ചിരുന്നു.

പദ്ധതി മറ്രിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോഴിക്കോട്ടും പദ്ധതി മുന്നോട്ടു കൊണ്ടുപോകാനായില്ല. നാഷണൽ എംപ്ളോയ്മെന്റ് സർവീസ് കേരളയും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. സ്റ്റഡി മെറ്റീരിയൽസ്, ഫാക്കൽറ്റികളുടെ വേതനം ഉൾപ്പെടെയുള്ള ചെലവുകൾ എംപ്ളോയ്മെന്റ് സർവീസ് വകുപ്പാണ് വഹിച്ചിരുന്നത്. ഇതിനായി പേരാമ്പ്ര സെന്ററിന് അനുവദിച്ചത് 11,86,187 രൂപയായിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ പദ്ധതി നടപ്പാക്കാനും ഫണ്ട് വകയിരുത്താനും തയ്യാറായില്ലെന്നാണ് ആക്ഷേപം.

തിരഞ്ഞെടുപ്പിന്

സ്ക്രീനിംഗ് ടെസ്റ്റ്

വെറ്ററിനറി -സാങ്കേതിക സർവകലാശാലകളൊഴികെയുള്ള സർവകലാശാലകളിലെ എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോകളുടെ സഹായത്തോടെയാണ് പരിശീലനം നൽകാനുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയിരുന്നത്. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് സ്ക്രീനിംഗ് ടെസ്റ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ശനി, ഞായർ ദിവസങ്ങളിലായിരുന്നു പരിശീലനം.

ശുപാർശ നടപ്പായില്ല

പദ്ധതി പുനരാരംഭിക്കണമെന്ന് പൊതുഭരണവകുപ്പ് ശുപാർശ ചെയ്തിരുന്നു. കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും ഫണ്ട് വകയിരുത്തണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പായില്ല.

''പദ്ധതി പുനരാരംഭിക്കുന്നതിനും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്

-എംപ്ളോയ്മെന്റ് സർവീസ്

ഡയറക്ടറേറ്റ്