6 ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്: ഓണച്ചന്തകൾ ആഗസ്റ്റ് 25 മുതൽ

Friday 01 August 2025 1:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 25 മുതൽ തുടക്കമാകും. ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജില്ലാകേന്ദ്രങ്ങളിലും 140 നിയമസഭാ മണ്ഡലങ്ങളിലും നടത്തുന്ന ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റ് ജില്ലാ കേന്ദ്രങ്ങളിൽ 26നും 27നുമായി തുടങ്ങും. ഉത്രാടം നാളായ സെപ്തംബർ നാലുവരെയാണിത്. നിയമസഭാമണ്ഡലങ്ങളിലെ ഫെയറുകൾ ആഗസ്റ്റ് 31മുതൽ സെപ്തംബർ നാലുവരെ.

നിയമസഭാ മണ്ഡലങ്ങളിൽ 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളും സംഘടിപ്പിക്കും. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻ കാർഡുടമകൾക്ക് 20 കിലോ പച്ചരി/പുഴുക്കലരി 25 രൂപയ്ക്ക് ലഭ്യമാക്കും. നിലവിൽ സബ്സിഡി നിരക്കിൽ നൽകുന്ന എട്ട് കിലോയ്ക്ക് പുറമേയാണിത്. മഞ്ഞ റേഷൻ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് 14 ഇനം (തുണിസഞ്ചി അടക്കം 15) ഭക്ഷ്യസാധനങ്ങളങ്ങിയ സൗജന്യ ഓണക്കിറ്റ് നൽകുക. ആഗസ്റ്റ് 18 മുതൽ സെപ്തംബർ നാലുവരെ വിതരണം.

റേഷൻ കടകൾവഴി 10.90 രൂപയ്ക്ക് അരി

ഓണത്തിന് റേഷൻകടകൾ വഴി മഞ്ഞകാർഡുകാർക്ക് ഒരു കിലോ പഞ്ചസാര

പിങ്ക് കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോ അരി 10.90 രൂപയ്ക്ക്

നീല കാർഡിന് നിലവിലുള്ളതിന് പുറമെ 10 കിലോ അരി (10.90 രൂപ)

വെള്ള കാർഡിന് 15 കിലോഗ്രാം അരി (10.90 രൂപ)

വെളിച്ചെണ്ണ 349 രൂപയ്ക്ക്

ഓണക്കാലത്ത് സപ്ളൈകോവഴി ശബരി ബ്രാൻഡിൽ സബ്സിഡിയായും അല്ലാതെയും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപ. അരലിറ്ററിന് 179 രൂപ. നോൺ സബ്സിഡിക്ക് 429രൂപ. അരലിറ്ററിന് 219 രൂപ. വൻപയർ, തുവരപ്പരിപ്പ് എന്നിവയുടെ സബ്സിഡി വില കുറച്ചു. വൻപയർ കിലോയ്ക്ക് 75ൽ നിന്ന് 70 രൂപയാക്കി. തുവരപ്പരിപ്പ് 105ൽ നിന്ന് 93 രൂപയാക്കി. സബ്സിഡി മുളകിന്റെ അളവ് അരകിലോയിൽ നിന്ന് ഒരു കിലോയാക്കി (കിലോയ്ക്ക് 115.5രൂപ).