അഴീക്കൽ ഗവ.ഹൈസ്കൂൾ മാതൃകയായി, കടത്തുവള്ളത്തിലെ വിദ്യാർത്ഥികൾക്ക് സുരക്ഷാകവചം
കരുനാഗപ്പള്ളി : സ്കൂളുകളിൽ സുരക്ഷാ മുൻകരുതലുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ സാഹചര്യത്തിൽ, അഴീക്കൽ ഗവ.ഹൈസ്കൂൾ മാതൃകയായി. പാട്ടത്തിൽക്കടവിൽ നിന്ന് കടത്തുവള്ളത്തിൽ യാത്ര ചെയ്ത് സ്കൂളിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ
സുരക്ഷാ ദൗത്യം
അഴീക്കൽ ഗവ.ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടയായ എ.ജി.എച്ച്.എസ്. അലുംമ്നി അസോസിയേഷനാണ് ഈ സുരക്ഷാ പദ്ധതിക്ക് പിന്നിൽ. വിദ്യാർത്ഥികൾക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്തതിനൊപ്പം ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ ലൈഫ് ജാക്കറ്റ് വിതരണവും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു. എസ്.എസ്.ജി. ചെയർമാൻ ബിനു, പി.ടി.എ. വൈസ് പ്രസിഡന്റ് രാഖി, പ്രഥമാദ്ധ്യപിക സ്മിത, സ്കൂൾ സുരക്ഷാ സമിതി കൺവീനർ കലമോൾ, സീനിയർ അസിസ്റ്റന്റ് ശ്രീജ, സ്റ്റാഫ് സെക്രട്ടറി സുജാരാജ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സജിക്കുട്ടൻ, മോഹൻദാസ്, റാണി, അലുംമ്നി അസോസിയേഷൻ പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീന്തൽ പരിശീലനത്തിന് പ്രാധാന്യം
നീന്തൽ പരിശീലകനായ സിക്സർ ബാബു ലൈഫ് ജാക്കറ്റുകൾ ധരിക്കേണ്ട രീതി, സ്വീകരിക്കേണ്ട മുൻകരുതലുകൾ, എല്ലാ വിദ്യാർത്ഥികളും നീന്തൽ പഠിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി അഴീക്കൽ ഗവ.ഹൈസ്കൂളിൽ മദ്ധ്യവേനൽ അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. കടത്തുവള്ളത്തിൽ യാത്ര ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉടൻതന്നെ സൗജന്യ നീന്തൽ പരിശീലനം നൽകുമെന്നും സിക്സർ ബാബു അറിയിച്ചു.