നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു
കായംകുളം : നാടക,സീരിയൽ നടൻ കെ.പി.എ.സി രാജേന്ദ്രൻ (73) അന്തരിച്ചു. 43 വർഷമായി കെ.പി.എ.സിയിലെ സ്ഥിരം നടനായിരുന്ന അദ്ദേഹം ഉപ്പും മുളകും സീരിയലിൽ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10ന് കെ.പി.എ.സിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11 മണിക്ക് കായംകുളം മുനിസിപ്പൽ ശ്മശാനത്തിൽ.
തോപ്പിൽ ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ' എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ളയുടെ വേഷം 28വർഷമായി ചെയ്തു വന്നത് രാജേന്ദ്രനായിരുന്നു. റിലീസാകാനുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു.കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരവും ലഭിച്ചിരുന്നു.
മുണ്ടക്കയം ചിറ്റടിയിൽ ളാഹയിൽ വീട്ടിൽ രാമൻനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എൽ.പുരം സദാനന്ദന്റെ 'സിംഹം ഉറങ്ങുന്ന കാട്' എന്ന നാടകത്തിനുവേണ്ടിയാണ് കെ.പി.എ.സിയിൽ എത്തിയത്. തോപ്പിൽഭാസിയുടെ വിയോഗത്തെതുടർന്ന് അദ്ദേഹത്തിന്റെ നാടകങ്ങൾ കെ.പി.എ.സിക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നതിലും രാജേന്ദ്രന്റെ പങ്ക് വളരെ വലുതായിരുന്നു. കെ.പി.എ.സിയുടെ 30ഓളം നാടകങ്ങളിൽ അഭിനയിച്ചു. കെ.പി.എ.സി നാടകട്രൂപ്പിന്റെ കൺവീനറായും ദീർഘകാലം പ്രവർത്തിച്ചു. വർഷങ്ങളായി കായംകുളത്തായിരുന്നു താമസം. ഭാര്യ: സൂര്യകുമാരി. മക്കൾ:അനൂപ്, അരുൺ.