നഗരം ചെങ്കടലാക്കി സി.പി.ഐ റെഡ് വോളണ്ടിയർ മാർച്ച്
കൊല്ലം: ഇരമ്പിയെത്തിയ പ്രവർത്തകരുടെ ആവേശം തിരമാലപോലെ അലയടിച്ചപ്പോൾ കൊല്ലം നഗരം ഇന്നലെ ചെങ്കടലായി. സി.പി.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മാർച്ചിൽ വനിതാ വോളണ്ടിയർമാർ ഉൾപ്പടെ ആയിരക്കണക്കിന് ചുവപ്പ് വോളണ്ടിയർമാരാണ് അണിനിരന്നത്.
വൈകിട്ട് നാലോടെ ആശ്രാമം മൈതാനിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്ത മാർച്ച് ചിന്നക്കട, റെയിൽവേ സ്റ്റേഷൻ വഴി നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച് കന്റോൺമെന്റ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ കാനം രാജേന്ദ്രൻ നഗറിലാണ് സമാപിച്ചത്. റെഡ് വോളണ്ടിയർമാരുടെ ആദ്യനിര പൊതുസമ്മേളവേദിയിൽ എത്തിയപ്പോൾ സമയം 5.30. അവസാന നിര സമ്മേളന നഗരിയിലെത്താൻ പിന്നെയും മണിക്കൂറുകളെടുത്തു.
മാർച്ചിന്റെ മുൻനിരയിൽ 25-ാം പാർട്ടി കോൺഗ്രസിന്റെ വിളംബരം അറിയിച്ച് ബൈക്കുകളാണ് അണിനിരന്നത്. തൊട്ടുപിന്നിൽ ജനസേവാദള്ളിന്റെ പരിശീലനം നേടിയ ബാൻഡ് മേളം. മാർച്ചിനിടയിൽ തുറന്ന വാഹനത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്‌തു. അദ്ദേഹത്തോടൊപ്പം തുറന്ന വാഹനത്തിൽ സി.പി.ഐ ദേശീയ എക്സിക്യുറ്റീവ് അംഗം അഡ്വ. കെ.പ്രകാശ് ബാബു, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, ജില്ല അസി.സെക്രട്ടറിമാരായ സാം കെ.ഡാനിയേൽ, എം.എസ്.താര എന്നിവരും ഉണ്ടായിരുന്നു. മന്ത്രി ചിഞ്ചുറാണിയും മാർച്ചിന്റെ ഭാഗമായി. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പടെയുള്ള നേതാക്കൾ റെഡ് വോളണ്ടിയർമാരുടെ സല്യൂട്ട് സ്വീകരിക്കുമ്പോഴേക്കും പൊതുസമ്മേളന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. ജില്ലാ ക്യാപ്ടൻ എം.മനോജാണ് മാർച്ചിന് നേതൃത്വം നൽകിയത്.