നിഹാൽ സരിനോട് തോറ്റതിന്റെ കലി മൗസിനോട് തീർത്ത് ഗിരി
റിയാദ് : സൗദി അറേബ്യയിൽ നടക്കുന്ന ഇ സ്പോർട്സ് ചെസ് വേൾഡ് കപ്പിൽ മലയാളിതാരം നിഹാൽ സരിനോട് തോറ്റതിന് പിന്നാലെ തന്റെ കമ്പ്യൂട്ടറിന്റെ മൗസ് മേശപ്പുറത്ത് എടുത്തടിച്ച് അരിശം തീർത്ത് ഡച്ച് ഒന്നാം നമ്പർ താരം അനിഷ് ഗിരി. മത്സരത്തിൽ 2-0ത്തിന് ഗിരിയെ തോൽപ്പിച്ച നിഹാൽ ഫ്രഞ്ച് ഗ്രാൻഡ്മാസ്റ്റർ മിക്സിം ലെഗ്രേവിന് എതിരായുള്ള മത്സരത്തിന് യോഗ്യയതയും നേടി.21കാരനായ നിഹാൽ S8UL ടീമിനായാണ് ഇ സ്പോർട്സ് ലോകകപ്പിൽ കളിക്കുന്നത്.
ഇ സ്പോർട്സ് ചെസ് വേൾഡ് കപ്പിൽ കളിക്കാർ ചെസ് ബോർഡിന് ഇരുപുറവും ഇരുന്നു കളിക്കുന്നതിന് പകരംകമ്പ്യൂട്ടറുകൾക്ക് മുന്നിൽ മുഖാമുഖം ഇരുന്നാണ് കളിക്കുന്നത്. മത്സരഫലം അറിയുമ്പോൾ ചെസ് താരങ്ങളുടെ വികാരപ്രകടനം അടുത്തിടെ ചർച്ചയാകുന്നുണ്ട്. നിലവിലെ ലോകചാമ്പ്യനായ ഡി.ഗുകേഷിനെതിരെ തോറ്റപ്പോൾ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസന്റെ മേശമേലിടി വൈറലായിരുന്നു. ഇ സ്പോർട്സ് ലോകകപ്പിൽതന്നെ അനിഷ് ഗിരിക്കെതിരായ മത്സരത്തിൽ തോറ്റപ്പോൾ ഹാൻസ് നീമാൻ ടേബിളിൽ ഇടിച്ച് ദേഷ്യം തീർത്തിരുന്നു.