ദിവ്യ ദേശ്മുഖിന് ഗംഭീര വരവേൽപ്പ്
നാഗ്പുർ : ചെസ് ലോകകപ്പിൽ കിരീടമണിയുന്ന ആദ്യ ഇന്ത്യക്കാരിയായി ജോർജിയയിലെ ബാത്തുമിയിൽ നിന്ന് മടങ്ങിയെത്തിയ 19കാരി ദിവ്യ ദേശ്മുഖിന് ജന്മനാടായ നാഗ്പുരിൽ അതിഗംഭീര സ്വീകരണം. ഇന്ത്യക്കാർ ഏറ്റുമുട്ടിയ ഫൈനലിന്റെ ടൈബ്രേക്കറിൽ കൊനേരു ഹംപിയെ കീഴടക്കി ലോകകപ്പ് സ്വന്തമാക്കിയതിലൂടെ ദിവ്യ ഗ്രാൻഡ്മാസ്റ്റർ പട്ടവും സ്വന്തമാക്കിയാണ് മടങ്ങിയെത്തിയത്.
നാഗ്പുർ വിമാനത്താവളത്തിൽ കഴിഞ്ഞരാത്രി നിരവധിപ്പേരാണ് ദിവ്യയെ സ്വീകരിക്കാനെത്തിയത്. അമ്മ ഡോ.നമ്രതയ്ക്കൊപ്പമാണ് ദിവ്യ എത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചെസ് അസോസിയേഷൻ ഭാരവാഹികളും നാഗ്പുരിലെ മറ്റ് കായിക ഭാരവാഹികളും ലോകകപ്പ് ജേതാവിനെ വരവേൽക്കാനെത്തിയിരുന്നു. തുറന്നവാഹനത്തിലാണ് താരത്തെ വീട്ടിലേക്ക് ആനയിച്ചത്. ദിവ്യ ലോകകപ്പ് നേടിയതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വീഡിയോ കോളിലൂടെ അഭിനന്ദിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ ദിവ്യയെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
ഗ്രാൻഡ്മാസ്റ്റർ പട്ടം പരേതനായ
കോച്ചിന് സമർപ്പിച്ച് ദിവ്യ
താൻ നേടിയ ഗ്രാൻഡ്മാസ്റ്റർ പദവി ആദ്യ കോച്ചും പരേതനുമായ രാഹുൽ ജോഷിക്ക് സമർപ്പിക്കുന്നുവെന്ന് ദിവ്യ ദേശ്മുഖ് പറഞ്ഞു. ലോകകപ്പുമായി നാഗ്പുരിൽ തിരിച്ചെത്തിയ ദിവ്യ രാഹുലിന്റെ ഫോട്ടോ ഉയർത്തിക്കാട്ടുകയും തന്നെയൊരു ഗ്രാൻഡ് മാസ്റ്ററായി കാണണമെന്ന് രാഹുൽ സാറിന്റെ വലിയ ആഗ്രഹമായിരുന്നെന്ന് പറയുകയും ചെയ്തു. തന്റെ നേട്ടത്തിൽ പങ്കാളിയാകാൻ അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതാണ് ഈ ആനന്ദവേളയിലും സങ്കടമെന്ന് ദിവ്യ പറഞ്ഞു.